kannur local

പുതിയതെരുവിലെ മാലിന്യപ്രശ്‌നം: മലിനീകരണ ബോര്‍ഡ് തെളിവെടുത്തു

പുതിയതെരു: ചിറക്കല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പുതിയതെരുവിലുള്ള മാലിന്യ പ്ലാന്റിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാത്തതിനാല്‍ സമീപപ്രദേശത്തെ കുടിവെള്ളം മലിനമാവുകയും രോഗങ്ങള്‍ പകരുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു. മാലിന്യസംസ്‌കരണത്തിനു വേണ്ടി ചിറക്കല്‍ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതികരണവേദി മുഖ്യമന്ത്രിക്കും ഹരിത ട്രൈബ്യൂണലിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതി സ്വീകരിച്ച ഹരിത ട്രൈബ്യൂണല്‍ കേസെടുക്കുന്നത് സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം കണ്ണൂര്‍ ജില്ലാ കലക്്ടറോടും ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് ജില്ലാ പരിസ്ഥിതി മലിനീകരമ നിയന്ത്രണ ബോര്‍ഡ് അസി. എന്‍ജിനീയര്‍ ശരണ്യയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉദ്യോഗസ്ഥസംഘം ഇന്നലെ ഉച്ചയോടെ തെളിവെടുപ്പിനെത്തിയത്. പ്രദേശം സന്ദര്‍ശിച്ച സംഘം പരാതിക്കാരായ പ്രതികരണവേദി പ്രതിനിധികളായ ടി പി റഷീദ്, വി കെ അസീസ് എന്നിവരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും തെളിവെടുത്തു. റോഡരികില്‍ സ്ഥിതിചെയ്യുന്ന മാലിന്യപ്ലാന്റില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുകയാണ്. ദുര്‍ഗന്ധം കാരണം ഇതുവഴി നടന്നുപോവുന്നതു പോലും അസഹനീയമായിരുന്നു. മാത്രമല്ല, മഴക്കാലത്ത് കൊതുക് പരക്കാനും പകര്‍ച്ച വ്യാധികള്‍ പടരാനും കാരണമാവുമെന്ന ആശങ്കയുമുണ്ട്. ശാസ്ത്രീയ രീതിയില്‍ മാലിന്യ നിര്‍മാര്‍ജനം നടക്കാതായതോടെ യന്ത്രങ്ങളും തുരുമ്പെടുത്തിരിക്കുകയാണ്. നിരവധി പരാതികളുയര്‍ന്നിട്ടും പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികരമ വേദി മുഖ്യമന്ത്രിക്കും ഹരിത ട്രൈബ്യൂണലിനും കഴിഞ്ഞ മാസം പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it