thrissur local

പുതിയകാവിന്റെ ബാങ്ക് മാധുര്യം വിട ചൊല്ലി

കൊടുങ്ങല്ലൂര്‍: പുതിയകാവിന്റെ ബിലാല്‍” ഇനി  മറക്കാനാവാത്ത ഒരുപിടി ഓര്‍മ്മകള്‍ മാത്രം. അഞ്ച് പതിറ്റാണ്ടോളം പുതിയകാവ് ജുമാമസ്ജിദില്‍ ബാങ്ക് വിളിച്ചിരുന്ന കരീം മൗലവിയുടെ മരണ വാര്‍ത്തയറിഞ്ഞ് പുതിയകാവുകാര്‍ ഫേസ്ബുക്കില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. ഇന്നലെ സുബഹി ബാങ്ക് വിളിക്കാന്‍ പള്ളിയിലേക്ക് വരുന്നതിതിനിടെ ഓഫിസ് മുറിക്ക് സമീപം കരീം മൗലവി കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ മഹല്ല് പ്രസിഡന്റ് സെയ്തു മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.  പുതിയകാവിലെ ഓരോ തലമുറക്കും സ്വാതികനായ ഈ മനുഷ്യനെ കുറിച്ച് ഒരുപാട് ഓര്‍മകള്‍ പങ്കുവയ്ക്കാനുണ്ട്. പതിറ്റാണ്ടുകള്‍ ആയി പുതിയകാവിലെ ഓരോ പ്രഭാതവും പുലരുന്നത് മൗലവിയുടെ സുബഹി ബാങ്ക്  കേട്ടുകൊണ്ടാണ്. അവസാനം സുബഹി ബാങ്കിനായുള്ള യാത്രക്കിടയില്‍ തന്നെ അന്ത്യവും സംഭവിച്ചു. കരീം മൗലവിയെ കുറിച്ചുള്ള പലരുടേയും ഓര്‍മ്മകുറിപ്പുകള്‍ കണ്ണ് നനയിക്കുന്നതായിരുന്നു. പുതിയകാവ് പള്ളിയിലെ മുക്രിയായും ഇല്‍ഫത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഅല്ലിമായും ദീര്‍ഘകാലം സേവനം ചെയ്ത കരീം മൗലവിയെ അറിയാത്തവരായി പ്രദേശത്ത് ആരും തന്നെ ഉണ്ടാവില്ല. മഹല്ലിലെ വീടുകളില്‍ നടക്കുന്ന മിക്ക ആവശ്യങ്ങളിലും കരീം മൗലവിയുടെ സാനിധ്യം എന്നുമുണ്ടായിരുന്നു. മഹല്ലില്‍ ആരെങ്കിലും മരണപ്പെട്ടാല്‍  മയ്യിത്ത് കുളിപ്പിക്കുവാനും  കഫന്‍ ചെയ്യുവാനും മയ്യിത്ത് നിസ്‌ക്കാരം, മറവ് ചെയ്യല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ആദ്യാവസാനം കരീം മൗലവിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതൊക്കെ തന്നേയാണ് കരീം മൗലവിയെ പുതിയകാവുകാരുടെ പ്രിയപ്പെട്ടവനാക്കിയതും.
Next Story

RELATED STORIES

Share it