thrissur local

പുകവലിക്കെതിരായ പോരാട്ടവഴിയില്‍ തളരാതെ അറക്കല്‍ ഹനീഫ



സലീം എരവത്തൂര്‍

മാള: പുകവലിക്കെതിരായ പോരാട്ടവഴിയില്‍ തളരാതെ അറക്കല്‍ ഹനീഫ മാതൃകയാകുന്നു. സ്‌കൂള്‍ പഠനകാലത്ത് ആരംഭിച്ച പുകവലിയെന്ന ദുശ്ശീലം കാരണം ഇരുകാലുകളും മുറിച്ച് മാറ്റേണ്ടിവന്നെങ്കിലും തളരാത്ത ആത്മ വീര്യവുമായി പിന്നീടുള്ള കാലം പുകവലിക്കെതിരായ പോരാട്ടത്തില്‍ ഹനീഫ സജീവമാകുകയായിരുന്നു. പുത്തന്‍ചിറ മാണിയംകാവ് സ്വദേശിയായ അറക്കല്‍ ഹനീഫയാണ് നാല്‍പതാം വയസില്‍   രണ്ടാമത്തെ കാലും നഷ്ടപ്പെട്ടിട്ടും കാര്‍ഷിക വൃത്തിയില്‍ മുഴുകിയും പുകവലിക്കെതിരെ ബോധവല്‍ക്കരണം നടത്തിയും ജീവിതത്തിലെ ദുഖങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നത്. മണ്ണിനേയും മനുഷ്യനേയും സ്‌നേഹിച്ചുകൊണ്ടാണിപ്പോള്‍ ഹനീഫയുടെ ജീവിതം മുന്നോട്ട് പോകുന്നത്. പത്തൊന്‍പതാം വയസില്‍ പ്രവാസജീവിതം ആരംഭിച്ച ഹനീഫ അഞ്ച് വര്‍ഷത്തോളം പെട്രോള്‍ പമ്പിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്ത് ദിനേന  ഇരുപത് പാക്കറ്റ് സിഗരറ്റ്‌വരെ അദ്ധേഹം വലിച്ചിരുന്നു. തുടര്‍ച്ചയായ പുകവലി കാരണം രക്തത്തില്‍ നിക്കോട്ടിന്റെ അളവ് വളരെയേറെ വര്‍ധിച്ചു. കാലിലേക്കുള്ള രക്തയോട്ടം നിലച്ചതിനാല്‍ മരവിപ്പും അസഹ്യമായ വേദനയും അനുഭവപ്പെട്ട് തുടങ്ങി. തുടര്‍ന്ന് ഹനീഫ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിള്‍സ തേടി. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് 1983 ല്‍ ഒരു കാല്‍ മുറിച്ച് മാറ്റിയത്. ഒരു കാല്‍ നഷ്ടപ്പെട്ടശേഷം കുറച്ചുകാലം നാട്ടില്‍ നിന്ന് മാറി നിന്നു. അക്കാലത്ത് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്താണ് ജീവിച്ചത്. അപ്പോഴും പുകവലിയോട് വിടപറയാന്‍ ഹനീഫ ഒരുക്കമായിരുന്നില്ല. അങ്ങനെ നാല്‍പതാം വയസില്‍ രണ്ടാം കാലും മുറിച്ച് മാറ്റേണ്ടിവരികയും വലത് കൈയിലേക്കും രോഗം ബാധിക്കുകയും ചെയ്തതോടെയാണ് പുകവലി നിര്‍ത്താന്‍ ഹനീഫ തയ്യാറായത്. വേദനയുടെ കാഠിന്യത്താല്‍ കൈവിരലുക ള്‍ സ്വയം മുറിച്ച്  കളഞ്ഞതായും ഹനീഫ പറഞ്ഞു. രണ്ട് കാലുകളും കൈവിരലുകളും നഷ്ടപ്പെട്ടെങ്കിലും പരാശ്രയമില്ലാതെ ജീവിക്കണമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ഹനീഫയെ കാര്‍ഷിക വൃത്തിയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. അപ്പോഴും പുകവലിയുടെ ദൂഷ്യവശങ്ങളേക്കുറിച്ച് പരിസരവാസികളെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. സ്വന്തമായുള്ള 16 സെന്റ് സ്ഥലത്താണ് ആദ്യം കൃഷി തുടങ്ങിയത്. സ്ഥിരവരുമാനം ലഭിക്കുന്ന ജാതി കൃഷിയാണ് ആദ്യം തുടങ്ങിയത്. മുട്ടിന് താഴേക്ക് മുറിച്ച് മാറ്റിയ കാലില്‍ റബര്‍ ഷീറ്റുവെച്ച് കെട്ടിയാണ് കൈക്കോട്ടേന്തി മണ്ണില്‍ പണിയെടുക്കുന്നത്. വാഴയും കൊള്ളിയും ചേമ്പും ചേനയുമേല്ലാം അദ്ധേഹം കൃഷി ചെയ്യുന്നുണ്ട്. ഇരു കാലുകളില്ലാതായിട്ടും അന്‍പത്തി ഏഴാം വയസിലും ആര്‍ക്ക് മുന്നിലും കൈനീട്ടാതെ അന്തസോടെ അധ്വാനിച്ച് ജീവിക്കുന്ന ഹനീഫയുടെ ജീവിതയാത്ര അതിജീവനത്തിന്റെ അസാധാരണ പാഠമാണ് സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത്. ഒഴിവ് സമയങ്ങളില്‍ വേരുകളില്‍ മനോഹരമായ രൂപങ്ങള്‍ ഉണ്ടാക്കിയും ഹനീഫ ജീവിതം കര്‍മയമോല്‍സുകമാക്കുന്നു. അത് കാണാനും മറ്റുമായി വീട്ടിലെത്തുന്നവരോട് പുകവലിയുടെ ദുരന്ത സ്മാരകമായ തന്റെ ജീവിതത്തിന്റെ കഥ പറഞ്ഞ് ബോധവല്‍ക്കരിക്കാനും ഹനീഫ ശ്രമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it