Idukki local

പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

പീരുമേട്: പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച നടക്കും.  ഭരണത്തിനായി ഇരു മുന്നണികളും ചര്‍ച്ചകള്‍ സജീവമാക്കി. യുഡിഎഫ് അംഗങ്ങള്‍ക്കിടയിലെ ഭിന്നത മുതലെടുത്ത് എല്‍ഡിഎഫും സജീവമായി രംഗത്തുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുലേഖ പദവി രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കോണ്‍ഗ്രസ് അംഗങ്ങളില്‍ സുലേഖ മാത്രമാണ് പട്ടികജാതി വനിതാ വിഭാഗത്തിലുണ്ടായിരുന്നത്. ഭരണസമിതിയില്‍ യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് സുലേഖ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ കാരണമായത്. എട്ടാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ അംഗമായ പ്രവീണയെ പിന്തുണയ്ക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാറിന്റെ നേതൃത്വത്തില്‍ രാജിവച്ച പ്രസിഡന്റുമായി പീരുമേട്ടില്‍ രമ്യത ചര്‍ച്ച സംഘടിപ്പിച്ചെങ്കിലും ഒരു വിഭാഗം അംഗങ്ങള്‍ സുലേഖ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിച്ചാല്‍ വോട്ട് ചെയ്യില്ല എന്ന ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെ ചില അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു ജയിക്കാത്ത ആള്‍ക്ക് വോട്ടു ചെയ്യാനാവില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍  മൂന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ യുഡിഎഫ് നേതൃത്വം നല്‍കിയ വിപ്പ് ഇവര്‍ കൈപ്പറ്റിയിട്ടില്ല എന്നാണ് സൂചന. ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുള്ള യുഡിഎഫ് നേതൃത്വത്തിന്റെ നീക്കം കൂടുതല്‍ ശ്രമകരമാകും. പതിനേഴംഗ ഭരണ സമിതിയില്‍ ഒന്‍പതു പേരാണ് കോണ്‍ഗ്രസ് അംഗങ്ങളായി ഉള്ളത്. ഏഴു പേര്‍ എല്‍ഡി.എഫും ഒരു എഐഡിഎം.കെ അംഗവുമാണ് ഉള്ളത്. പ്രസിഡന്റിന്റെ രാജിയും വൈസ് പ്രസിഡന്റിന്റെ ഇടതു പ്രവേശനവും കൂടിയായതോോടെ രണ്ടു പേരുടെ കൂറുമാറ്റത്തോടെ നിലവിലെ അവസ്ഥയില്‍എല്‍ ഡി എഫിനാണ് ഭരണസാധ്യത. പീരുമേട് പഞ്ചായത്തില്‍ ഭരണ  മാറ്റത്തില്‍ കലാശിക്കുമേന്നിരിക്കെ വീണു കിട്ടിയ അവസരം മുതലാക്കാനാണ് എല്‍ഡിഎഫ് നീക്കം. യുഡിഎഫ് അംഗങ്ങള്‍ക്കിടയിലെ പടലപ്പിണക്കം എല്‍ഡിഎഫിന് പഞ്ചായത്ത് തിരികെ പിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. യു.ഡി.എഫ് നേതൃത്വം പരാജയമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ഈ  പഞ്ചായത്ത് ഭരണം നഷ്ടമായാല്‍ തോട്ടം മേഖലയായ പീരുമേട്ടില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാവുമെന്നാണ് ഇവര്‍ പറയുന്നത്. അഴുത ബ്ലോക്ക് പഞ്ചായത്തില്‍ ഭരണ പ്രതിസന്ധിയുണ്ടായപ്പോള്‍ കോണ്ഗ്രസ് നേതൃത്വം വേണ്ട ഇടപെടലുകള്‍ നടത്തിയില്ലന്ന ആരോപണം ഉയര്‍ന്നിരുന്നു. ഭരണമാറ്റമുണ്ടായാല്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവര്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി രണ്ടാമതൊരു തിരഞ്ഞെടുപ്പിന് കളമൊരുക്കാനും യുഡിഫ് ശ്രമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it