പീഡിതരുടെ ശാപം ഏറ്റുവാങ്ങരുത്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണീരും കാത്തിരിപ്പും രോഷപ്രകടനങ്ങളും തുടരുകയാണ്. ഓഖി കൊടുങ്കാറ്റ് പലരുടെയും ജീവനും ജീവിതങ്ങളും തകര്‍ത്ത് കടന്നുപോയി. ആഴക്കടലൊരു മരണച്ചുഴിയായി മാറുകയാണെന്നും അത് തീരക്കടലിനെയും തീരങ്ങളെയും തകര്‍ത്തേക്കുമെന്നും ആരും മുന്നറിയിപ്പു നല്‍കിയില്ല; കടലില്‍ പോവരുതെന്നും നേരത്തേ പോയവര്‍ ഉടന്‍ മടങ്ങണമെന്നും അറിയിക്കേണ്ട ബാധ്യത നിറവേറ്റിയില്ല.ഇതു നിര്‍വഹിക്കേണ്ടിയിരുന്ന ദുരന്തനിവാരണ അതോറിറ്റിയും മറ്റു സംവിധാനങ്ങളും ഇവിടെയുണ്ട്. ചില്ലറക്കാരൊന്നുമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയും കേരളത്തിന്റെ മുഖ്യമന്ത്രിയെപ്പോലുള്ളവരുമാണ് അവരെ നയിക്കുന്നത്. ആരൊക്കെ സ്വയം ന്യായീകരിച്ചാലും പരസ്പരം കുറ്റം ചാര്‍ത്തിയാലും സത്യം അവശേഷിക്കുന്നു. ആ ചുമതല നിര്‍വഹിക്കുന്നതില്‍ നേതൃത്വങ്ങള്‍ പരാജയപ്പെട്ടു.ദുരന്തത്തിന്റെ ഇരകളായി അനിശ്ചിതത്വത്തില്‍ ജീവിതത്തിനു മുമ്പില്‍ മരവിച്ചുനില്‍ക്കുന്ന മല്‍സ്യത്തൊഴിലാളികളോടും കുടുംബങ്ങളോടും ആദ്യം നമുക്ക് മാപ്പിരക്കേണ്ടതുണ്ട്; പ്രകൃതി അടിച്ചേല്‍പ്പിച്ച ആകസ്മിക ദുരന്തത്തേക്കാള്‍ പൊറുക്കാന്‍ വയ്യാത്ത ക്രൂരതയും അവഗണനയും കാട്ടി അവരുടെ നഷ്ടത്തിനും നിത്യവേദനയ്ക്കും കാരണക്കാരായ ഭരണാധികാരികളുടെ പേരില്‍.  പ്രിയപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ വിളിച്ചതും പ്രാര്‍ഥിച്ചതും സംസ്ഥാന-കേന്ദ്ര ഭരണാധികാരികളെയാണ്. അവരുടെ വിളിയുടെ പരിധിക്കും പുറത്തായിരുന്നു പക്ഷേ, സഹായഹസ്തമെത്തിക്കേണ്ട അധികാരികള്‍. എന്തിന്, ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടലില്‍ അവശേഷിക്കുന്ന പ്രിയപ്പെട്ടവരുടെ കൃത്യമായ കണക്കുപോലും നല്‍കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി ഈ ദിവസങ്ങളില്‍ ജന്മനാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യപരിഗണന സ്വന്തം പാര്‍ട്ടിയെ വീണ്ടും എങ്ങനെ അധികാരത്തിലെത്തിക്കും എന്നതായിരുന്നു. പ്രധാനമന്ത്രിയാവട്ടെ, ഏറ്റവുമേറെ ജീവന്‍ നഷ്ടപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഫോണില്‍ വിവരം തേടാന്‍ പോലും മുതിര്‍ന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി അടക്കമുള്ള നേതാക്കളും മന്ത്രിമാരും ദുരന്തം വിതച്ച ദിവസങ്ങളില്‍ എവിടെയായിരുന്നു; എന്തു ചെയ്യുകയായിരുന്നു? ഇനിയും വ്യക്തമല്ല.ആദ്യത്തെ പിഴവിനുശേഷം ദുരന്തത്തിലകപ്പെട്ട മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനും രക്ഷിക്കാനും നാവിക-വ്യോമസേനയും തീരദേശസേനയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും ഏകോപിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളെ ഒട്ടും കുറച്ചുകണ്ടുകൂടാ. പ്രത്യേകിച്ചും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അമ്മയുടെയും സഹോദരിയുടെയും സ്ഥാനത്തു നിന്നുകൊണ്ട് സാന്ത്വനിപ്പിച്ചതും ദുരിതാശ്വാസപ്രവര്‍ത്തനം കാര്യക്ഷമമാക്കിയതും.എന്നാല്‍, മനുഷ്യജീവന്റെയും നാശനഷ്ടങ്ങളുടെയും വ്യാപ്തി വളരെ പരിമിതപ്പെടുത്താമായിരുന്നു; സാഹചര്യങ്ങള്‍ മാറ്റിമറിച്ച് സൃഷ്ടിക്കപ്പെട്ട ദുരന്തം ഒഴിവാക്കിയിരുന്നെങ്കില്‍. ഗൗരവമായ തെറ്റുകളും ഭരണപരമായ വീഴ്ചകളുമാണ് ഓഖി ദുരന്തം വലിച്ചുപുറത്തിട്ടിരിക്കുന്നത്:കേന്ദ്രത്തിലും സംസ്ഥാനത്തിലും വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരത്തിലുള്ളപ്പോള്‍ പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലും പക്ഷപാതവും നിസ്സഹകരണവും പ്രകടമാവുന്നു. അപകടകരമായ കക്ഷിരാഷ്ട്രീയമാണ് ഭരണതലത്തില്‍ നിലനില്‍ക്കുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മില്‍ മാത്രമല്ല ഈ അവസ്ഥയുള്ളത്. ഇടതുമുന്നണി ഭരണത്തിലും സംസ്ഥാനത്ത് ഞാനെന്ന ഭാവവും സിപിഎം-സിപിഐ പോരും ദുരിതാശ്വാസ കാര്യത്തില്‍ പോലും അടിയന്തര പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്തി. ഭരണസംവിധാനങ്ങള്‍ സുതാര്യവും വികേന്ദ്രീകൃതവും ജനാധിപത്യപരവും ആക്കുന്നതിനു പകരം വ്യക്തി കേന്ദ്രീകൃതമാവുന്നതിന്റെ അപകടം കേരളം അനുഭവിച്ചറിഞ്ഞു. ജനകീയാസൂത്രണത്തിന്റെ സ്രഷ്ടാക്കളെന്ന് അവകാശപ്പെട്ടുപോന്ന ഇടതുമുന്നണി ഗവണ്‍മെന്റ് ജനപങ്കാളിത്തമില്ലാതെ മുന്നോട്ടുപോവുന്നതിന്റെ തുറന്ന കാഴ്ചയായി ഈ ദുരന്തം. ജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അകലം കൃത്യമായും ദയനീയമായും ഈ ദുരന്തം വെളിപ്പെടുത്തി. സമൂഹത്തിന്റെ ഏറ്റവും പിന്നാക്കതലത്തില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള വിടവും പ്രകടമായി. കേരളത്തിന്റെ സമ്പത്തിനും വരുമാനത്തിനും സമൂഹത്തിന്റെ നിലനില്‍പിനു തന്നെയും ആശ്രയിക്കുന്ന മല്‍സ്യത്തൊഴിലാളികളെ അവഗണിക്കുന്നു എന്ന വിശ്വാസം ശക്തിപ്പെട്ടു. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും അവര്‍ക്കു നല്‍കിയ ആശ്വാസനടപടികള്‍ സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ ഗുരുതരമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഈ മേഖലയിലുള്ള സാന്നിധ്യവും സ്വാധീനവും പ്രവര്‍ത്തനബന്ധവും അതീവ ദയനീയമാണെന്നും ബോധ്യപ്പെട്ടു. ദുരന്തങ്ങള്‍ക്കിടയില്‍ പൊരുതിജീവിക്കുന്ന മല്‍സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കിടയില്‍ അവരുടെ യഥാര്‍ഥ പ്രശ്‌നങ്ങളും ജീവിതവും അറിയുന്നത് മതമേധാവികള്‍ക്കു മാത്രമാണെന്ന് വെളിപ്പെട്ടു. ആറു പതിറ്റാണ്ടായി ജനാധിപത്യ ഭരണത്തിന്റെ നടത്തിപ്പുകാരായ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവിടെ പരിധിക്കു പുറത്താണെന്നും വെളിപ്പെട്ടു. ഏറ്റവും വലിയ അപകടം, ജനങ്ങളെ സംരക്ഷിക്കുക എന്ന ഭരണകൂടത്തിന്റെ ചുമതല പാലിക്കുന്നതില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് വീഴ്ചവരുത്തിയതാണ്; അതവര്‍ തിരിച്ചറിയുന്നില്ലെങ്കിലും. തീരദേശത്തെ മഹാദുരന്തം വിഴുങ്ങിയപ്പോള്‍ ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആത്മരക്ഷയ്ക്കു പൂര്‍ണമായി വിശ്വസിച്ചതും ആശ്രയിക്കേണ്ടിവന്നതും മതമേധാവികളെയും ആരാധനാലയങ്ങളെയുമാണ്. ആരാധനാലയത്തോടും പുരോഹിതരോടുമുള്ള വിശ്വാസവും ബന്ധവും തീര്‍ത്തും വ്യക്തിപരമാണ്. അവര്‍ക്കു ലഭിക്കുന്ന സാന്ത്വനവും സഹായവും തീര്‍ത്തും ന്യായവും. ഇടതുമുന്നണി സര്‍ക്കാര്‍ ഭരണപരവും രാഷ്ട്രീയവുമായ രണ്ടു സുപ്രധാന പാഠങ്ങള്‍ മേല്‍പറഞ്ഞ അനുഭവങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമാണ്. അതിന് ഗൗരവവും പക്വവുമായ തിരുത്തലുകള്‍ക്ക് മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതൃത്വവും വിധേയമാവേണ്ടതുണ്ട്. ദുരന്തങ്ങളോട് പ്രതികരിച്ചതില്‍ പറ്റിയ വീഴ്ച ഈ സര്‍ക്കാര്‍ സംവിധാനത്തിന്റെയാകെ ഇന്നത്തെ അവസ്ഥയുടെ പൊതുദര്‍ശനമാണ്. ഒരു ജനപക്ഷ ഗവണ്‍മെന്റ് എന്ന നിലയിലേക്ക് സര്‍ക്കാരിനെ ഇനിയെങ്കിലും മാറ്റണമെന്നുണ്ടെങ്കില്‍ എല്ലാ തലങ്ങളിലും ഉടച്ചുവാര്‍ക്കലുകളും നവീകരണവും ഉറപ്പുവരുത്തേണ്ടതുണ്ട്. മുന്‍ സര്‍ക്കാരുകളുടെ തെറ്റുകുറ്റങ്ങളോട് താരതമ്യപ്പെടുത്തുന്ന ഗൃഹപാഠങ്ങളില്‍ മുഴുകിയുള്ള പോക്ക് ഉഴുത ചാലുകളില്‍ തന്നെ ഉഴുത് ശൂന്യതയിലേക്ക് എത്തിച്ചേരലാണ്. അടിയന്തരവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള നവീകരണവും പശ്ചാത്തല സൗകര്യമൊരുക്കലും ഇനിയും താമസിച്ചുകൂടാ. ഇനിയെങ്കിലും ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുത്തേ തീരൂ.ജനങ്ങളുടെ സേവകരാണ് എന്ന തിരിച്ചറിവിലേക്ക് രാഷ്ട്രീയനേതൃത്വങ്ങളും ജനപ്രതിനിധികളും മാറിയേ തീരൂ. തങ്ങള്‍ പറയുന്നതും ചെയ്യുന്നതും മാത്രം ശരി എന്ന നിലയ്ക്കു ഫ്യൂഡല്‍ പ്രഭുക്കളെപ്പോലെ ജനങ്ങളുടെ ശരാശരി വിവേകത്തിനും വിമര്‍ശന ബുദ്ധിക്കും മേലെ കുതിരകയറാനുള്ള അധികാരമുണ്ടെന്ന ഭാവം കൈയൊഴിഞ്ഞേ തീരൂ.തെറ്റുകള്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ഒപ്പം തിരുത്തുകയുമാണ് ജനാധിപത്യത്തില്‍ ഭരണാധികാരികളും അവരെ നയിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ചെയ്യേണ്ടത്. തെറ്റുപറ്റിയാല്‍ പോലും ജനങ്ങള്‍ ക്ഷമിക്കും; വിശ്വാസത്തിലെടുക്കും. അങ്ങനെ ചെയ്യുന്നത് ദൗര്‍ബല്യമോ കുറച്ചിലോ ആയി കരുതി മുന്നോട്ടുപോവാനാണ് ഭാവമെങ്കില്‍ ഏറെ വൈകാതെ നേരിടുന്നത് വലിയൊരു രാഷ്ട്രീയദുരന്തമായിരിക്കും.                                          ി
Next Story

RELATED STORIES

Share it