Flash News

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക്: തടയണ പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനോടു ചേര്‍ന്നുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുമാറ്റാന്‍ മലപ്പുറം കലക്ടര്‍ ഉത്തരവിട്ടു. 14 ദിവസത്തിനകം മലപ്പുറം ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ പൊളിച്ചുമാറ്റാനാണു ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തരവിട്ടത്. പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുന്നത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, അനുമതിയില്ലാതെ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ പേരില്‍ നിര്‍മിച്ച റോപ് വേ പൊളിക്കാനുള്ള ഉത്തരവ് നാലുമാസമായിട്ടും നടപ്പാക്കിയില്ല. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് റോപ് വേ നിര്‍മിച്ചതെന്ന പരാതിയില്‍ പത്തുദിവസത്തിനകം ഇത് പൊളിച്ചു മാറ്റാന്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ആഗസ്ത് എട്ടിന് എംഎല്‍എയുടെ ഭാര്യാ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ റോഡിലെ സി കെ അബ്ദുല്‍ ലത്തീഫിന് നോട്ടീസ് നല്‍കിയിരുന്നു.  സമുദ്രനിരപ്പില്‍ നിന്നും 800 മീറ്ററോളം ഉയരത്തില്‍ മലയിടിച്ച് വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടയണ കെട്ടി തടഞ്ഞത് പൊളിക്കാന്‍ നടപടിയെടുത്തപ്പോഴാണു തടയണയ്ക്കുമീതെ അനുമതിയില്ലാതെ റോപ് വേ നിര്‍മിച്ചത്. റോപ് വേ പൊളിച്ചുനീക്കാതെ പഞ്ചായത്ത് സെക്രട്ടറി നിയമലംഘനം നടത്തുന്നതായുള്ള പരാതിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും റോപ് വേ പൊളിക്കാനുള്ള നടപടിയിലേക്ക് നീങ്ങിയില്ല.പി വി അന്‍വര്‍ എംഎല്‍എയുടെയും ഭാര്യ പി വി ഹഫ്‌സത്തിന്റെയും ഉടമസ്ഥതയിലുള്ള വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായായിരുന്നു റോപ് വേ. ഭാര്യാ പിതാവിന്റെ അതേ വിലാസത്തിലെ താമസക്കാരനായി കാണിച്ചാണ് വാട്ടര്‍തീം പാര്‍ക്കിന് പി വി അന്‍വര്‍ നേരത്തേ താല്‍ക്കാലിക ലൈസന്‍സ് നേടിയത്. അനധികൃത നിര്‍മാണം തടഞ്ഞുള്ള കലക്ടറുടെ ഉത്തരവുള്ളതിനാല്‍ ഭാര്യാ പിതാവ്  സി കെ അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ റസ്റ്റോറന്റ് ആന്റ് ലോഡ്ജിങ് കെട്ടിടം നിര്‍മിക്കാനായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണു റോപ് വേ പണിതത്.പരിസ്ഥിതി ലോല പ്രദേശത്ത് മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണു തടയണയ്ക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് 350 മീറ്റര്‍ നീളത്തില്‍ റോപ് വേ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇവിടെ റോപ് സൈക്കിള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. പാര്‍ക്കില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. തടയണയില്‍ നിന്നും 30 മീറ്റര്‍ മാറിയുള്ള റോപ് വേ നിര്‍മാണം വനത്തെയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നു നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഡോ. ആര്‍ അടല്‍ അരശന്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it