പിറന്നാളിന് മാന്ത്രികോപഹാരം; മിഴിനനഞ്ഞ് കഥയുടെ കുലപതി

കണ്ണൂര്‍: കഥയുടെ കുലപതി ടി പത്മനാഭന് 88ാം പിറന്നാള്‍ദിനത്തില്‍ ഇന്ദ്രജാലത്താല്‍ തീര്‍ത്ത അപൂര്‍വ സമ്മാനം. ജന്മദിനോപഹാരം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ ഒരു ചെറുകഥയുടെ മാന്ത്രികാവിഷ്‌കാരം തന്നെ. എല്ലാം കഴിഞ്ഞപ്പോള്‍ കഥാകൃത്തിന്റെ കണ്ണുനിറഞ്ഞു, സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു. അരങ്ങിലെത്തി മജീഷ്യനെ ആശ്ലേഷിച്ച് കണ്ഠമിടറി മൊഴിഞ്ഞു: ഇതു ലോകത്തില്‍ ഒരു കഥാകൃത്തിന് കിട്ടുന്ന അപൂര്‍വ അംഗീകാരം. ടി പത്മനാഭന്റെ 'ഒടുവിലത്തെ പാട്ട്' എന്ന ചെറുകഥയുടെ മാന്ത്രികാവിഷ്‌കാരം 'വിസ്മയം തീരുമ്പോള്‍ വാനമ്പാടി പറക്കുന്നു' എന്ന പേരിലാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാടും സംഘവും കണ്ണൂര്‍ ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത്. വിസ്മയിപ്പിക്കുന്ന ഇന്ദ്രജാലപ്രകടനങ്ങള്‍കൊണ്ട് മജീഷ്യന്‍ സന്തോഷത്തോടെ ലോകം കീഴടക്കുന്നതും ഒടുവില്‍ അനുഭവിക്കുന്ന വ്യഥകളും അനാവരണം ചെയ്യുന്നതാണു കഥ. ഇന്ദ്രജാലക്കാരന്റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങള്‍. വേദിയിലും വെളിയിലെ സ്‌ക്രീനിലും ഒരേസമയം രണ്ടു ഭാഗങ്ങളായി മാന്ത്രികാവിഷ്‌കാരത്തിന്റെ ദൃശ്യവല്‍ക്കരണം. കഥയുടെ മാന്ത്രികാവിഷ്‌കാരം കണ്ടപ്പോള്‍ സന്തോഷംകൊണ്ട് കണ്ണും മനസ്സും നിറഞ്ഞതായി ടി പത്മനാഭനും ഈ കഥ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നതായി ഗോപിനാഥ് മുതുകാടും പറഞ്ഞു. കേരള സാഹിത്യ അക്കാദമി, കണ്ണൂര്‍ പ്രസ്‌ക്ലബ്, മാജിക് അക്കാദമി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എംഎല്‍എമാരായ എ എന്‍ ഷംസീര്‍, എം സ്വരാജ്, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, അക്കാദമി സെക്രട്ടറി കെ പി മോഹനന്‍, പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ശ്രീപുരം സ്‌കൂള്‍ ഡയറക്ടര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് സംസാരിച്ചു.
Next Story

RELATED STORIES

Share it