Alappuzha local

പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കാന്‍ ദേവസ്വത്തോട് റിപോര്‍ട്ട് തേടും : ക്ഷേത്രോപദേശക സമിതി



ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃച്ചാറ്റുകുളം ക്ഷേത്രത്തില്‍ ഉപദേശക സമിതിയിലെ പിന്നാക്കസമുദായാംഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് ദേവസ്വം കമ്മീഷണറോട് റിപോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമസഭയുടെ പിന്നാക്കസമുദായ ക്ഷേമം സംബന്ധിച്ച ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനായ സമിതി തീരുമാനിച്ചു. ഉപദേശകസമിതിയില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന പരാതി പരിഗണിക്കുകയായിരുന്നു സമിതി.  ക്ഷേത്രോപദേശകസമിതിയില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെക്കൂടിയുള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയും മനുഷ്യവകാശ കമ്മീഷന്റെ നിര്‍ദേശവും പരാതിക്കാരന്‍ നിയമസഭസമിതി മുമ്പാകെ ഹാജരാക്കിയിരുന്നു. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള കെട്ടിടവും സ്ഥലവും ഒരു വിഭാഗം കൈയേറിയതായുള്ള പരാതിയില്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് സമിതി നിര്‍ദേശിച്ചു. നിയമപരമായ പ്രാതിനിധ്യമില്ലെങ്കില്‍ ഉപദേശകസമിതി പരിച്ചുവിടുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. കോടതി അലക്ഷ്യ നടപടികളും ഉദ്യോഗസ്ഥര്‍ നേരിടേണ്ടിവരുമെന്നും സമിതി ചൂണ്ടിക്കാട്ടി. തീരുമാനം എടുക്കുമ്പോള്‍ നിലവിലെ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും നീതിനിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ ആയി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സര്‍ക്കാരിന് സമിതി ശുപാര്‍ശ നല്‍കും. മറ്റ് ക്ഷേമനിധിയില്‍ ഒന്നും പെടാത്തവര്‍ക്ക് തൊഴില്‍ വകുപ്പ് നല്‍കുന്ന മാരകരോഗം ബാധിച്ചവര്‍ക്കുള്ള അവശ ധനസഹായം 2000 രൂപയില്‍ നിന്ന് 10,000 രൂപയാക്കാന്‍ സമിതി ശുപാര്‍ശ ചെയ്യും. കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖല ബാങ്കുകള്‍ എന്നിവിടങ്ങളിലെ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാഫിസിലുള്ള ഇളവ്  ഒബിസി വിഭാഗങ്ങള്‍ക്ക് കൂടി നല്‍കുന്ന കാര്യം ശുപാര്‍ശയായി സര്‍ക്കാരിനെ അറിയിക്കും. തച്ചന്‍ വിഭാഗക്കാരെ പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ഒബിസി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി സമിതി മുമ്പാകെ പരാതി വന്നു. എന്നാല്‍ അത്തരത്തില്‍ ഒബിസി വിഭാഗത്തില്‍ നിന്ന് തച്ചന്‍ സമുദായക്കരെ ഒഴിവാക്കിയിട്ടില്ലെന്നും പരിശോധിച്ച് വെബ്‌സൈറ്റില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു. പൊതുമേഖല, എയ്ഡഡ് സ്ഥാപനങ്ങള്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ നിയമനം നടത്തുമ്പോള്‍ കൃത്യമായി സംവരണ നിയമം പാലിക്കണമെന്ന് സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പല സ്ഥാപനങ്ങളിലും ഒഴിവുള്ള സ്ഥിരം തസ്തികകളില്‍പ്പോലും എംപ്ലോയ്‌മെന്റില്‍ നിന്നല്ലാതെ നിയമനം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ തന്നെ സമിതി മുമ്പാകെ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാന്‍ നടപടി എടുക്കും. എംപ്ലോയ്‌മെന്റ് സീനിയോറിറ്റി ലിസ്റ്റില്‍  അപാകം ഉണ്ടെന്ന് പരാതി ലഭിച്ചാല്‍ അത് സംബന്ധിച്ച് സമിതി പരിശോധിക്കുമെന്നും വേണ്ടി വന്നാല്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളിയും കെ അന്‍സലനും പങ്കെടുത്തു. ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, എഡിഎം എം കെ കബീര്‍  സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it