പിന്നാക്ക-ന്യൂനപക്ഷാവകാശ ധ്വംസനം അവസാനിപ്പിക്കണമെന്ന് മെക്ക

കൊച്ചി: പിന്നാക്ക-ന്യൂനപക്ഷാവകാശ ധ്വംസനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സംവരണ നിഷേധ നിലപാട് തിരുത്തണമെന്നും മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മെഡിക്കല്‍ പിജി കോഴ്‌സുകള്‍ക്കുള്ള പിന്നാക്കവിഭാഗ സംവരണം ഒമ്പതു ശതമാനമായി പരിമിതപ്പെടുത്തിയ നടപടി, മേല്‍ത്തട്ട് പരിധി ഉയര്‍ത്താത്ത തീരുമാനം തുടങ്ങിയവ പിന്നാക്കവിഭാഗങ്ങളുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണ്.
സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ഇതരസംഘടനകളുമായി സഹകരിച്ച് ശക്തമായ പ്രതിഷേധപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായസഹകരണത്തോടെ ഈ മാസം 29ന് കക്ഷിരാഷ്ട്രീയ-പ്രാസ്ഥാനിക ഭേദെമന്യേ മുഴുവന്‍ മുസ്‌ലിം നേതാക്കളുടെയും സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എന്‍ കെ അലി, സി ബി കുഞ്ഞുമുഹമ്മദ്, സി എച്ച് ഹംസ, എ എസ് എ റസാഖ്, പി എം എ ജബ്ബാര്‍, ടി എസ് അസീസ്, കെ എം അബ്ദുല്‍ കരീം, അബ്ദുറഹിമാന്‍ കുഞ്ഞ്, എ ഐ മുബീന്‍, എം എ ലത്തീഫ്, വി കെ അലി, ഉമര്‍ മുള്ളൂര്‍ക്കര, എം കമാലുദ്ദീന്‍, വൈ സൈഫുദ്ദീന്‍, എ മഹമൂദ്, പ്രഫ. എ ഷാജഹാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it