Flash News

പിണറായി തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കു നീങ്ങുന്നു : ടി ജെ എസ് ജോര്‍ജ്



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇടതു സഹയാത്രികനുമായ ടി ജെ എസ് ജോര്‍ജ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ പ്രതിവാര കോളത്തിലാണ് ഓരോ വിഷയങ്ങളിലും മുഖ്യമന്ത്രി എടുത്ത നിലപാടുകളെ ടി ജെ എസ് വിമര്‍ശിച്ചത്. രാജ്യത്തു നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാകുന്നതിനു നമ്മള്‍ സാക്ഷികളാവുമോയെന്ന ചോദ്യവുമായാണ് ലേഖനം ആരംഭിക്കുന്നത്. ഓരോ വിഷയത്തിലും പിണറായി വിജയന്‍ മണ്ടത്തരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ടി ജെ എസ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്. തെറ്റുകളില്‍ നിന്നു തെറ്റുകളിലേക്ക് നീങ്ങുന്ന പിണറായി വിജയന്‍ സ്വയം നാണംകെടുന്നതിനൊപ്പം സര്‍ക്കാരിനെയും നാണക്കേടിലേക്ക് നയിക്കുകയാണ്. കഴിഞ്ഞയാഴ്ച സുപ്രിംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനത്തോടെ പിണറായി വിജയന്‍ ഒരു ഹാസ്യകഥാപാത്രമായി മാറി.  ഓരോ വിഷയത്തിലും പൊതുജനം ചിന്തിക്കുന്നതിനും ആഗ്രഹിക്കുന്നതിനും വിപരീതമായ നിലപാടെടുക്കുകയാണ് പിണറായിയുടെ പൊതുസ്വഭാവം. ഈഗോയും അസഹിഷ്ണുതയും കാട്ടുന്നതിലൂടെ കരുത്തനെന്ന് അറിയപ്പെടുന്ന പിണറായിക്ക് എന്തു സന്തോഷമാണ് കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. ലോ അക്കാദമി സമരകാലത്ത് പൊതുജനങ്ങളൊന്നാകെ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കിയെങ്കിലും പിണറായി കോളജ് നടത്തുന്ന കുടുംബത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തില്‍ മാനേജ്‌മെന്റിന് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തതിനെയും ടി ജെ എസ് വിമര്‍ശിക്കുന്നുണ്ട്. വിവാദങ്ങള്‍ക്കൊടുവില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് രേഖാമൂലം ചില ഉറപ്പുകള്‍ നല്‍കിയെങ്കിലും അവ നടപ്പാകാത്തത് സര്‍ക്കാരിനുണ്ടായിരുന്ന ജനപിന്തുണ കുറച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കാലത്തും ഒരു സര്‍ക്കാരും ചെയ്തിട്ടില്ലാത്ത തരത്തില്‍ എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി ഉപദേശകരെ നിയമിച്ചതും രണ്ടു മന്ത്രിമാര്‍ രാജിവച്ചതും കണ്ണൂരില്‍ 18 പേര്‍ കൊല്ലപ്പെട്ടതും മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ ശ്രമത്തെ എതിര്‍ത്തതുമൊക്കെ മുഖ്യമന്ത്രിക്ക് ചീത്തപ്പേരുണ്ടാക്കി. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന ആളെന്നനിലയില്‍ പോലിസിനെ കൈകാര്യം ചെയ്യുന്നതില്‍ താന്‍ ഒരു വന്‍ പരാജയമാണെന്ന് പിണറായി സ്വയം തെളിയിച്ചെന്ന് ടി ജെ എസ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it