പിണറായിയില്‍ ഒരു വീട്ടിലെ ദുരൂഹമരണങ്ങള്‍; ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി

തലശ്ശേരി: പിണറായി പടന്നക്കരയിലെ ഒരു വീട്ടില്‍ ഒന്നിനുപിറകെ മറ്റൊന്നായി നടന്ന നാലു ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട പോലിസ് അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. കഴിഞ്ഞ ജനുവരി 21നു മരിച്ച ഒമ്പതു വയസ്സുകാരി ഐശ്വര്യയുടെ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പടന്നക്കര കൂഞ്ഞേരി കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മൂത്ത മകളാണ് നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഐശ്വര്യ. ഛര്‍ദിയെ തുടര്‍ന്നാണു കുട്ടി മരിച്ചത്. ഇതിനു മുമ്പ് 2012ല്‍ സൗമ്യയുടെ മറ്റൊരു മകള്‍ കീര്‍ത്തന (ഒന്ന്) ഛര്‍ദിയെ തുടര്‍ന്നു മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല. ഐശ്വര്യ മരിച്ച് ഒന്നര മാസം കഴിയുമ്പോഴേക്കും സൗമ്യയുടെ അമ്മ വടവതി കമലയും (68) മരിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13ന് ഇതേ രോഗലക്ഷണവുമായി മരിച്ചതു ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണര്‍ത്തി. ഭര്‍ത്താവുമായി അകന്നുകഴിയുന്ന സൗമ്യ (34) ഛര്‍ദിയെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് ഫോറന്‍സിക് സര്‍ജന്‍ ഡോ. സുജിത് ശ്രീനിവാസനും സംഘവും പരിശോധിച്ചിരുന്നു.
ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ധര്‍മടം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ്, വീട്ടുമുറ്റത്ത് മറവ് ചെയ്ത ഐശ്വര്യയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ പുറത്തെടുത്തത്. പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. രാസപരിശോധനയ്ക്കായി ശേഖരിച്ച അവശിഷ്ടങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി.
നടപടികള്‍ക്കു വിരലടയാള വിദഗ്ധ പി സിന്ധു, ഫോറന്‍സിക് ഓഫിസര്‍ കെ എസ് സുധി ലേഖ, തലശ്ശേരി എഎസ്പി ചൈത്ര തേരേസ ജോണ്‍, സിഐ ഇ പ്രേമചന്ദ്രന്‍, തഹസില്‍ദാര്‍ ടി വി രഞ്ജിത്ത്, ധര്‍മടം എസ്‌ഐ അരുണ്‍കുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it