wayanad local

പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫിസ് ഉപരോധിച്ചു

വെള്ളമുണ്ട: തരുവണ-നിരവില്‍പ്പുഴ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു. മാനന്തവാടി-നിരവില്‍പ്പുഴ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ തരുവണ മുതല്‍ നിരവില്‍പ്പുഴ വരെ ചെറുതും വലുതുമായ ഒരു വാഹനത്തിനും കടന്നുപോവാന്‍ കഴിയാത്ത സ്ഥിതിയാണ്.
റോഡ് ഇത്രമാത്രം ശോച്യമായ അവസ്ഥയിലെത്തിയിട്ടും തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാവാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേയാണ് സംയുക്ത പ്രൈവറ്റ് ബസ് തൊഴിലാളി യൂനിയന്‍ സമരം സംഘടിപ്പിച്ചത്. വലിയ ഒരു പ്രവൃത്തി ആയിരുന്നിട്ട് പോലും വെറും പത്തോളം ആളുകളെയും അതിനുസരിച്ച് സാമഗ്രികളുമാണ് കരാറുകാരന്‍ ഉപയോഗിച്ചിരുന്നത്. മഴയ്ക്കു മുമ്പേ പണി തീര്‍ക്കേണ്ട റോഡ് കരാറുകാരന്റെ മെല്ലെപ്പോക്ക് നയം മൂലമാണ് ഈ അവസ്ഥയിലായതെന്നും ജനങ്ങള്‍ പറയുന്നു.
അശാസ്ത്രീയ മണ്ണെടുപ്പ് മൂലം റോഡിന്റെ സൈഡ് പലയിടങ്ങളിലും മൊത്തമായും ഇടിഞ്ഞുവീണ അവസ്ഥയുമാണ്. റോഡിലെ മുഴുവന്‍ സ്ഥലങ്ങളിലും കുണ്ടും  കുഴികളുമായി മാറിയിരിക്കുന്നു. ഈ റൂട്ടില്‍ ഓടുന്ന ബസ് തൊഴിലാളികളുടെ അവസ്ഥ വളരെ ദയനീയമാണ്. സമയത്ത് ഓടിയെത്താനും ഭക്ഷണം കഴിക്കാനും പറ്റാത്ത അവസ്ഥയാണ്. സ്ഥിരമായി ജോലിചെയ്യാന്‍ കഴിയുന്നില്ല.
കുണ്ടും കുഴിയും നിറഞ്ഞ റൂട്ടിലൂടെ തുടര്‍ച്ചയായ സര്‍വീസ് നടത്തുന്നതിനാല്‍ ശാരീരികമായി തളര്‍ന്നുപോവുകയും തൊഴില്‍ ചെയ്യാന്‍ പറ്റാതെ വരികയും ഇതുമൂലം ഇവരുടെ കുടുംബം പട്ടിണിയിലേക്ക് പോവുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കരാറുകാരന്റെ മെല്ലെപ്പോക്ക് നയം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു സംയുക്ത തൊഴിലാളി യൂനിയന്‍  ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്വകാര്യ ബസ്സുകളുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരം മാനന്തവാടി താലൂക്കിലേക്ക് വ്യാപിപ്പിക്കുമെന്നും സംയുക്ത തൊഴിലാളി യൂനിയന്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it