പിഎന്‍ബി വായ്പാ തട്ടിപ്പുകേസ്: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്കുതട്ടിപ്പായ പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. വജ്രവ്യാപാരി നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും പ്രതികളായ തട്ടിപ്പുകേസില്‍ നീരവ് മോദിയെ അന്വേഷണസംഘം തിരയുന്ന കുറ്റാരോപിതനെന്നാണ് സിബിഐ വിശേഷിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ മുംബൈ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും പുറമെ പഞ്ചാബ് നാഷനല്‍ ബാങ്ക് മുന്‍ എംഡിയും നിലവില്‍ അലഹബാദ് ബാങ്ക് സിഇഒയും എംഡിയുമായ ഉഷ ആനന്ദ് സുബ്രഹ്മണ്യന്‍ അടക്കമുള്ള മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള 90 ദിവസ കാലാവധി തീരുന്നതിനു തൊട്ടുമുമ്പാണ് സിബിഐയുടെ നീക്കം.
കേസില്‍ ഇതുവരെ 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അലഹബാദ് ബാങ്ക് സിഇഒ ഉഷ പുരുഷോത്തമന്‍, പഞ്ചാബ് നാഷനല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ വി ബ്രഹ്മജി റാവു, സഞ്ജീവ് ശരണ്‍, ജനറല്‍ മാനേജര്‍മാരായ നെഹല്‍, അഹദ് എന്നിവര്‍ കുറ്റക്കാരാണെന്നു സിബിഐ ചൂണ്ടിക്കാട്ടി. നീരവ് മോദിയുടെ ബന്ധു മെഹുല്‍ ചോക്‌സിക്കെതിരേ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കും. നീരവ് മോദിയുടെ ഭാര്യ ആമി മോദി, സഹോദരന്‍ നിഷാല്‍ മോദി, കുറ്റക്കാരാണെന്നു കണ്ടെത്തിയ നീരവ് മോദിയുടെ മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരേയും പ്രത്യേകം കുറ്റപത്രമുണ്ടാവുമെന്നാണ് സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാജ കടപ്പത്രമുപയോഗിച്ച് നീരവ് മോദി ബാങ്കില്‍ നിന്നു 12,000 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തിയത്. തട്ടിപ്പ് പുറത്താവുമെന്നറിഞ്ഞ് ജനുവരി ആദ്യ ആഴ്ച തന്നെ നീരവ് മോദി രാജ്യം വിട്ടിരുന്നു. തട്ടിപ്പില്‍ 13,400 കോടി രൂപയുടെ നഷ്ടം ബാങ്കിന് സംഭവിച്ചെന്നാണ് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Next Story

RELATED STORIES

Share it