World

പിഎംഎല്‍-എന്നും പിപിപിയും ഒന്നിക്കുന്നു

ഇസ്‌ലാമാബാദ്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷത്തിന് മറ്റു കക്ഷികളുമായി ധാരണയിലെത്താനായില്ല. 270 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ പിടിഐ 116 സീറ്റ് നേടി. എന്നാല്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 137 സീറ്റ് ലഭിക്കണം.
അതേസമയം, ഇംറാന്‍ ഖാന്റെ പിടിഐക്കെതിരേ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിംലീഗ് നവാസ് (പിഎംഎല്‍-എന്‍)ഉം അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യും ഒന്നിക്കുമെന്നു റിപോര്‍ട്ടുണ്ട്.  പാര്‍ലമെന്റ് ബഹിഷ്‌കരിക്കുമെന്നും  പിഎംഎല്‍-എന്‍ പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളുടെയും സംയുക്ത യോഗം ഉടന്‍ നടക്കും. കഴിഞ്ഞ ദിവസം നടന്ന സംയുക്ത പ്രതിപക്ഷ യോഗത്തില്‍ പിപിപി പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പില്‍ പിഎംഎല്‍-എന്‍ 64 സീറ്റും പിപിപി 43 സീറ്റും നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച പ്രതിപക്ഷ സഖ്യം വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, തിരഞ്ഞെടുപ്പുഫലം ഇംറാന്‍ ഖാന് അനുകൂലമാക്കാന്‍ സൈന്യം ഇടപെടല്‍ നടത്തിയെന്നാരോപിച്ച് കൂടുതല്‍ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
റോഡരികില്‍ നിന്ന് അഞ്ചു കാലിയായ ബാലറ്റ് പെട്ടികളും നിരവധി ബാലറ്റ് പേപ്പറുകളും കണ്ടെത്തിയതായി റിപോര്‍ട്ടുണ്ട്. പിപിപിയുടെ എന്‍എ 241 സീറ്റില്‍ നിന്നു മല്‍സരിച്ച മൗസം അലിയാണ് ഖയ്യുമാബാദില്‍ നിന്നു ബാലറ്റ് പേപ്പറുകള്‍ കണ്ടെത്തിയതായി പരാതി നല്‍കിയിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആഗസ്ത് 14ന് മുമ്പ് ചെയര്‍മാന്‍ ഇംറാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നു പിടിഐ നേതാവ് നസീമുല്‍ ഹഖ് അറിയിച്ചു. മുത്തഹിദെ ഖൗമി മൂവ്‌മെന്റ് പാകിസ്താനുമായി (എംക്യൂഎംപി) സഖ്യ ചര്‍ച്ചകള്‍ക്കായി ഇന്നലെ പിടിഐ നേതാവ് ജഹാംഗീര്‍ തരീന്‍ കറാച്ചിയിലെത്തിയതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it