പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും സഞ്ചരിച്ചു; നീരവ് മോദി ന്യൂയോര്‍ക്കിലെന്നു സൂചന

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസ് പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി വിവിധ രാജ്യങ്ങളിലേക്കു സഞ്ചരിച്ചതായി വെളിപ്പെടുത്തല്‍. നീരവ് മോദി ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ളതായി വിശ്വസ്തകേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.
മുംബൈയില്‍ നിന്നു യുഎഇയിലേക്കും അവിടെ നിന്ന് ഹോങ്കോങിലേക്കും പിന്നീട് ലണ്ടനിലേക്കും മോദി യാത്ര ചെയ്തതായി എന്‍ഡി ടിവിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ലണ്ടനില്‍ നിന്നാണ് മോദി ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്തത്. പഞ്ചാബ് നാഷനല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഫെബ്രുവരിയിലാണു നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തത്. ജനുവരി ഒന്നിന് രാജ്യംവിട്ട നീരവ് മോദി ഫെബ്രുവരി രണ്ടുവരെ യുഎഇയില്‍ കഴിഞ്ഞു. തുടര്‍ന്നു ഹോങ്കോങിലെത്തിയ മോദി ഫെബ്രുവരി 14നാണു ലണ്ടനിലേക്ക് തിരിച്ചത്. ഈ തിയ്യതികളിലെല്ലാം നീരവ് മോദി യാത്രകള്‍ നടത്തിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നു റിപോ ര്‍ട്ടില്‍ പറയുന്നു. 13,000 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്നു പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖ കേന്ദ്രമാക്കി നടത്തിയത്.
നീരവ് മോദിയെ അറസ്റ്റ് ചെയ്ത് കൈമാറണമെന്നു ഹോങ്കോങ് അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിറകെയാണ് നീരവ് മോദി ഹോങ്കോങ് വിട്ടത്. അറസ്റ്റ് സംബന്ധിച്ച ഇന്ത്യയുടെ ആവശ്യംപരിഗണനയിലാണെന്നു ഹോങ്കോങ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹോങ്കോങില്‍ നിന്നുള്ള പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നു വിദേശ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it