Idukki local

പാസ്‌പോര്‍ട്ടുകളും വ്യാജരേഖ നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു

അടിമാലി: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഒന്നരകോടി തട്ടിയെടുത്ത സംഭവത്തില്‍ അടിമാലി പൊലിസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതി പാലക്കാട് ചുരിയോട് ചുണ്ടംപറ്റം വീട്ടില്‍ അബ്ദുല്‍ സലാമുമായി അടിമാലി പൊലിസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ ബാംഗ്ലൂരിലെ ഓഫിസില്‍ നിന്നും പാലക്കാട്ടെ വീട്ടില്‍ നിന്നുമായി 21 പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. കൂടാതെ വ്യാജ സ്‌റ്റേറ്റ്‌മെന്റുകളും വിദേശ ജോലിക്കായി വിവിധ സ്ഥാപനങ്ങളില്‍ ഹാജരാക്കുന്നതിനു വേണ്ടിയുളള വ്യാജരേഖകളും ഇവയ്ക്ക് ആവശ്യമായ ലെറ്റര്‍പാഡ്, സീല്‍ എന്നിവയും പിടിച്ചെടുത്തു. ഇവയോക്കെ അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ പേരില്‍ നിര്‍മ്മിച്ചവയാണ്. കൂടാതെ ഇയാള്‍ അഭിഭാഷകനല്ലെന്നും തെളിഞ്ഞതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അടിമാലി സിഐ പി കെ സാബു, എസ്‌ഐ സന്തോഷ് സജീവ് എന്നിവര്‍ പറഞ്ഞു. തമിഴ്‌നാട് ബാര്‍കൗണ്‍സില്‍ നല്‍കിയ രേഖ പരിശോധിച്ചപ്പോള്‍ അബ്ദുള്‍ സലാം പറഞ്ഞ അഭിഭാഷക എന്റോള്‍ നമ്പര്‍ പ്രകാരം രവികണ്ഠന്‍ എന്നയാളുടെ പേരിലാണ് രേഖയെന്ന് കണ്ടെത്തിയിരിക്കുന്നത്. 709/2001 പ്രകാരം ദയാനന്ദ് കോളജില്‍ നിന്നാണ് ഇയാള്‍ ബിരുദം നേടിയതെന്ന് പറഞ്ഞത്. ഇതാണ് തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയത്. വിസ ഇടപാടുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ  ഇരുമ്പുപാലം കീപ്പുറത്ത് അഷ്‌റഫ്(42), ആലുവ പൊലിസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന പറമ്പില്‍ വീട്ടില്‍ ഫാ. നോബി പോള്‍(41), എന്നിവര്‍ ഇയാള്‍ക്ക് പണം നല്‍കിയതായും തെളിഞ്ഞു. ഇവര്‍ ഇടപാടുകാരില്‍ നിന്ന് 50000 രൂപ മുതല്‍ 6 ലക്ഷം രൂപവരെ വാങ്ങിയെങ്കിലും അബ്ദുല്‍ സലാമിന് നല്‍കിയിരുന്നത് 25000 മുതല്‍ 75000 രൂപ വരെയാണ്. ബംഗുളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണാഫീഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് അഡ്വ. അബ്ദുള്‍ സലാം. ഈ സ്ഥാപനത്തിന്റെ മറവിലാണ് ഈ തട്ടിപ്പുകള്‍ മുഴുവന്‍ നടന്നിരുന്നത്. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുള്‍ സലാം 2016ലാണ് ഈ സ്ഥാപനം തുടങ്ങിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിയെ കണ്ടെത്താനുളള ശ്രമം അടിമാലി പൊലിസ് ഈര്‍ജ്ജിതമാക്കി. ഇതുവരെ 17 കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തു. 119 പേരില്‍ നിന്നായി 1.5 കോടിയുടെ തട്ടിയെുത്തത് സംബന്ധിച്ചാണ് അടിമാലി പൊലീസ് കേസ് എടുത്തിട്ടുള്ളത്.
Next Story

RELATED STORIES

Share it