Kottayam Local

പാലാ കരിക്കിനേത്ത് സില്‍ക്‌സിനെതിരേ തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക് : 170ല്‍പ്പരം ജീവനക്കാര്‍ പ്രതിസന്ധിയില്‍



കോട്ടയം: പാലാ കരിക്കിനേത്തിനെതിരേ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ഡിസംബറില്‍ പൂട്ടിയ പാലായിലെ പ്രമുഖ വസ്ത്ര സ്ഥാപനമായ കരിക്കിനേത്ത് സില്‍ക്‌സ് തൊഴിലാളികള്‍ക്കു നല്‍കേണ്ട ഒരു ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല. യാതൊരു അറിയിപ്പും കൂടാതെ ഒരു സായാഹ്നത്തില്‍ തൊഴിലാളികളെ ഇറക്കിവിടുകയായിരുന്നു ചെയ്തതെന്ന് തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഈ സമയം, നല്‍കേണ്ട ഗ്രാറ്റുവിറ്റി, നഷ്ടപരിഹാരം എന്നിവയൊന്നും നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. കെ സി വര്‍ഗീസിന്റെയും റീനാ വര്‍ഗീസിന്റെയും ഉടമസ്ഥതയിലുള്ള പാലാ, ചങ്ങനാശ്ശേരി ഷോറൂമുകളിലെ ജീവനക്കാരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. പിഎഫിന്റെ പേരില്‍ ശമ്പളത്തില്‍ നിന്ന് തൊഴിലാളി വിഹിതം കട്ട് ചെയ്യുമായിരുന്നെങ്കിലും നാളിതുവരെ തുക ബോര്‍ഡില്‍ അടയ്ക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
പിഎഫ്, ഇഎസ്‌ഐ എന്നീ വിഭാഗത്തില്‍ ഏകദേശം നാലര വര്‍ഷത്തെ കുടിശ്ശികയാണ് കമ്പനി അടയ്ക്കാനുള്ളത്. ഇക്കാര്യം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെ തൊഴിലാളികളോട് വ്യക്തമാക്കി. കൂടാതെ, ക്ഷേമനിധി വിഹിതവും തൊഴിലാളികളില്‍ നിന്ന് ഈടാക്കിയെങ്കിലും തുക കൃത്യമായി അടച്ചിരുന്നില്ല. ഇക്കാരണത്താല്‍ ഇവര്‍ക്ക് ക്ഷേമനിധിയില്‍ നിന്നു ലഭിക്കേണ്ടിയിരുന്ന നിരവധി ആനുകൂല്യങ്ങളും നിഷേധിക്കുന്ന സ്ഥിതിയായിരുന്നു. ഇത്തരത്തില്‍ ആനുകൂല്യവിഹിതം അടയ്ക്കാന്‍ കുടിശ്ശിക വരുത്തിയതോടെ തൊഴിലാളികള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കെത്തിയാല്‍ നിയമതടസ്സം നേരിടേണ്ടി വരുന്ന അവസ്ഥയാണ്. പാലാ, ചങ്ങനാശ്ശേരി ബ്രാഞ്ചുകളില്‍ ഉള്‍പ്പെടെ ഏകദേശം 170ല്‍പരം ജീവനക്കാരാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാല്‍ ഇതിനെതിരേ ഒരക്ഷരം ശബ്ദിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇഎസ്‌ഐ കാര്‍ഡുണ്ടെങ്കിലും ഒന്നും പ്രയോജനകരമല്ലെന്ന് ജീവനക്കാര്‍ പറയുന്നു.
പലപ്പോഴും ചികില്‍സയ്ക്കായി ആശുപത്രിയെ സമീപിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി കാര്‍ഡ് എലിജിബിള്‍ അല്ലെന്നാണ്. ഇത്തരത്തില്‍ തൊഴിലാളികള്‍ക്കു നല്‍കുന്ന തുച്ഛമായ തുകയില്‍ നിന്നു പല ആനുകൂല്യത്തിന്റെ പേരില്‍ വിഹിതം പിടിക്കുകയും അതു കൃത്യസമയത്ത് അടയ്ക്കാതെയും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയാണ് പാലാ കരിക്കിനേത്ത് സില്‍ക്‌സ് ഉടമകള്‍ ചെയ്തിരുന്നത്.
ഒമ്പത് തവണ അധികൃതരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും വെറും നാലു തവണ മാത്രമാണ് ഉടമ കെ സി വര്‍ഗീസ് പങ്കെടുത്തത്. ജില്ലാ ലേബര്‍ ഓഫിസറുടെ അധിക ചുമതല വഹിച്ചിരുന്ന ജില്ലാ ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ കെ എന്‍ രമേശിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച ഏറെയും.
എന്നാല്‍ സാമ്പത്തിക പ്രതിന്ധിയുടെ പേരില്‍ ചര്‍ച്ചയില്‍ നിന്നു പിന്‍മാറുന്ന രീതിയായിരുന്നു ഉടമ സ്വീകരിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ചര്‍ച്ച അലസിപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. അതേസമയം, തൊഴിലാളികളില്‍ നിന്നു പിടിച്ച വിഹിതമെവിടെയെന്ന ചോദ്യത്തിന് മറുപടിയില്ല.
ഇത്തരത്തിലുള്ള പാലാ കരിക്കിനേത്ത് സില്‍ക്‌സ് മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നയത്തിനെതിരെ ഇന്നു കോട്ടയം കൊമേഴ്‌സല്‍ എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്.
Next Story

RELATED STORIES

Share it