palakkad local

പാലക്കാട് ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം യാഥാര്‍ഥ്യമായി



പാലക്കാട്: ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി വൈദ്യുതിയില്ലാത്ത വീടുകള്‍ക്ക് 18283 കണക്ഷന്‍ നല്‍കി. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ 5193ഉം പട്ടികവര്‍ഗ വിഭാഗത്തില്‍ 1012ഉം ജനറല്‍ വിഭാഗത്തില്‍ 12078 ഉം കണക്ഷനുകളാണ് നല്‍കിയത്. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയ ജില്ലയായി പാലക്കാട്.ഈ പദ്ധതി വിജയകരമായി നടത്തുന്നതിനായി 15.85 കോടി രൂപ ചെലവായതായി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യൂ അറിയിച്ചു. ജില്ലാ-ഗ്രാമപ്പഞ്ചായത്തുകള്‍ വകയിരുത്തിയ തുക കൂടാതെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് വീടുകളില്‍ വയറിങ് നടത്തിയാണ് ഏപ്രില്‍ 30നകം സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. പറമ്പിക്കുളം ഒറവമ്പാടി, കച്ചിത്തോട് , കരിയാര്‍കുറ്റി, തേക്കടി, മുപ്പതേക്കര്‍, തേക്കടി അല്ലിമൂപ്പന്‍ ആദിവാസി കോളനികളില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ചാണ് വൈദ്യുതി ലഭ്യമാക്കിയത്. പ്രസരണ മേഖല ശക്തിപ്പെടുത്തുന്നതിനായി കൊല്ലങ്കോട് 110 കെ.വി. സബ്‌സ്റ്റേഷന്‍ പരിസരത്ത് 1 മെഗാ വാട്ട് സൗരോര്‍ജ പദ്ധതി പൂര്‍ത്തീകരിച്ചു.  ഷൊര്‍ണൂരും പാലക്കാടും 220 കെ വി  സബ് സ്റ്റേഷന്‍ നവീകരണ പദ്ധതി നടപ്പിലാക്കി. കണ്ണമ്പുള്ളിയില്‍ നിലവിലുള്ള നാല് എവിഎ  ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി 6.3 എവിഎ  ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. സര്‍വീസ് കണക്ഷനുകള്‍, ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍, ത്രീഫെയ്‌സ് ലൈന്‍, സിംഗ്ള്‍ ഫെയ്‌സ് ലൈന്‍, റീകണ്ടക്റ്റിങ്, കേടുവന്ന മീറ്ററുകള്‍ മാറ്റല്‍, സ്ട്രീറ്റ് ലൈറ്റ്, എംഎല്‍എ ഫണ്ടിലുള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുകയടച്ച് ചെയ്ത പ്രവൃത്തികള്‍ എന്നിവയ്ക്കായി വിതരണ മേഖലയില്‍ 43.79 കോടി ചെലവഴിച്ചു. കേന്ദ്രാവിഷികൃത പദ്ധതിയായ ഡിഡിയുജിജെവൈയില്‍ ഉള്‍പ്പെടുത്തി ഈ കാലയളവില്‍ 11624 വൈദ്യുതി കണക്ഷനുകള്‍ ബിപിഎല്‍.വിഭാഗക്കാര്‍ക്ക് നല്‍കി. പദ്ധതിപ്രകാരം ഏകദേശം 3.5 കോടി രൂപയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it