thrissur local

പാലം പണി അനന്തമായി നീളും; ജനം വീണ്ടും സമരത്തിനൊരുങ്ങുന്നു

മാള:  കരിങ്ങോള്‍ചിറ പാലം പണി അനന്തമായി നീളുന്നതിനെതിരേ ജനം വീണ്ടും സമരത്തിനൊരുങ്ങുന്നു. പാലത്തി ന്റെ ഭാഗമായുള്ള അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് അധികാരപ്പെട്ട ജില്ലാ കലക്ടര്‍ സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് പാലം നിര്‍മാണം വൈകാനിടയാക്കുന്നത്.
2009 ല്‍ ഫണ്ടനുവദിച്ച് 2011 ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ  പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കരിങ്ങോ ള്‍ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ 31 നാളുകള്‍ നീണ്ടുനിന്ന നിരാഹാര സമരം നടത്തിയിരുന്നു.തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും നിര്‍മാണതടസ്സം നീക്കി പാലംപണി പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി പിന്‍വലിക്കുകയുമായിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ച് രണ്ടുമാസം പിന്നിട്ടിട്ടും നിര്‍മാണം പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ കലക്ടര്‍ സ്വീകരിക്കാത്തത് കടുത്ത ജനവഞ്ചനയാണെന്ന് സമരസമിതി ആരോപിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡ് കടന്നു പോവുന്നത് വഖഫ് ഭൂമിയിലൂടെയാണ്.
വഖഫ് ഭൂമി പൊതു ആവശ്യത്തിന് നിയമപരമായി അക്വയര്‍ ചെയ്യുന്നതിനുള്ള പൂര്‍ണ്ണാധികാരം ജില്ലാ കലക്ടര്‍ക്കാണ്. വഖഫ് ഭൂമി വിലകൊടുത്ത് ഏറ്റെടുക്കുന്നതിന് പഞ്ചായത്തിനോ വില്‍ക്കുന്നതിന് വഖഫ് ബോര്‍ഡിനോ അധികാരമില്ല. ആ നില്‌യ്്്ക്ക് വഖഫ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്ഥലം എംഎല്‍എ അഡ്വ. വി ആര്‍ സുനില്‍കുമാര്‍, പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്ക് പുത്തന്‍ചിറ പഞ്ചായത്ത് വില നല്‍കി ഏറ്റെടുത്ത്, പൊതുമരാമത്ത് വകുപ്പിന് കൈമാറാന്‍ തീരുമാനമെടുത്തിരുന്നു.
കലക്ടറുടെ നിര്‍ദേശപ്രകാരം തീരുമാനം സര്‍വകക്ഷി യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2013 ലെ വഖഫ് നിയമമനുസരിച്ച് ഇതിന് സാധ്യതയില്ല. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ഐ നിസാറിന്റെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി തങ്ങളെ സന്ദര്‍ശിച്ച് പാലത്തിന്റെ അപ്രോച്ച് റോഡിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പൊതു ആവശ്യത്തിന് വഖഫ് ഭൂമി അക്വയര്‍ ചെയ്യാന്‍ കലക്ടര്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്നും ഇതിന് വേറെ നടപടി ക്രമങ്ങള്‍ ആവശ്യമില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. നിയമവശങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാതെ എടുക്കുന്ന തീരുമാനങ്ങളാണ് പാലം പണി അനന്തമായി നീണ്ട് പോകാന്‍ കാരണമെന്ന് സമരസമിതി കുറ്റപ്പെടുത്തി.
2009 മാര്‍ച്ച് 18നാണ് പാലത്തിന് രണ്ടു കോടി രൂപയുടെ ഭരണാനുമതിയായത്. 2010 ആഗസ്റ്റ് 17 ന് സാങ്കേതികാനുമതിയും ലഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഇഴഞ്ഞും വലിഞ്ഞുമാണ് പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം.  രണ്ടുമാസത്തിനകം പണി പൂര്‍ത്തീകരിച്ച് പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തില്ലെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കരിങ്ങോള്‍ചിറ നിവാസികള്‍.
Next Story

RELATED STORIES

Share it