thrissur local

പാലംകടവ് നടപ്പാലം: അറ്റകുറ്റപ്പണിക്ക് കലക്ടര്‍ പ്രത്യേക അനുമതി നല്‍കി

ചാവക്കാട്: കടപ്പുറം-ഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലംകടവ് നടപ്പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി ലഭിച്ചു. പാലത്തിന്റെ തുരുമ്പെടുത്ത് നശിച്ച ഷീറ്റുകള്‍ മാറ്റി പുതിയ ഷീറ്റുകള്‍ സ്ഥാപിക്കുന്നതിനും അടിയന്തിരമായി ചെയ്യേണ്ട മറ്റു അറ്റകുറ്റപണികള്‍ക്കുമാണ് ജില്ലാ കളലക്ടര്‍ ഡോ. എ കൗശിഗന്‍ പ്രത്യേക അനുമതി നല്‍കിയത്.
ദിനംപ്രതി വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു പേര്‍ കടന്നുപോകുന്ന പാലത്തിന്റെ സ്ഥിതി അപകടാവസ്ഥയിലാണെന്നും ഇരുമ്പ് ഷീറ്റുകള്‍ ദ്രവിച്ച് വലിയ ഓട്ടകളായതുകൊണ്ട് യാത്രികള്‍ക്ക് നടന്നുപോകുവാന്‍ സാധിക്കുന്നില്ലെന്നും കാണിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്തും പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജിയും കലക്ടറെ നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ അല്ലാത്തതുകൊണ്ട് ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കാനോ അറ്റകുറ്റപണി നടത്താനോ സാധ്യമല്ല. അതിനാല്‍ പാലത്തിന്റെ ഷീറ്റുകള്‍ മാറ്റി പുതിയ ഷീറ്റുകള്‍ സ്ഥാപിക്കുന്നതിന് വരുന്ന ചിലവുകള്‍ ജനങ്ങളും പല സന്നദ്ധ സംഘടനകളും വഹിക്കാന്‍ തയ്യാറാണെന്നും അതുകൊണ്ട് ജനപങ്കാളിത്തത്തോടുകൂടിയാണ് ഇത് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എം എ അബൂബക്കര്‍ ഹാജി നിവേദനത്തില്‍ പറഞ്ഞിരുന്നു.
2016 മുതല്‍ ഇതിന്റെ അറ്റകുറ്റപണിക്കുവേണ്ടി പരിശ്രമിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച കാര്യങ്ങള്‍ തിരുവനന്തപുരം റവന്യുവകുപ്പിലായതിനാല്‍ മറുപടിക്ക് കാലതാമസം നേരിടുമെന്ന് മനസ്സിലാക്കി ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജനങ്ങള്‍ക്ക് നടന്നുപോകുവാനുള്ള സൗകര്യമൊരുക്കികൊടുക്കുക എന്നുളള ഉദ്ദേശത്തോടെയുമാണ് കലക്ടര്‍ക്ക് ഇങ്ങനെ ഒരു നിവേദനം നല്‍കിയതെന്നും എം എ അബൂബക്കര്‍ ഹാജി പറഞ്ഞു. ഈ പാലം കാരേക്കടവ് തൂക്കുപാലംപോലെ ഗതാഗതയോഗ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു.
ഒരുമനയൂരുള്ള സ്ഥലവും ശരിയായതായിരുന്നു. ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി ഫണ്ട് വകയിരുത്തി  നടത്താമെന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കനോലി കനാലിലൂടെ ബോട്ട് ഗതാഗതം ഉദ്ദേശിക്കുന്നതുകൊണ്ട് കനോലി കനാലിന് കുറുകെയുള്ള നടപ്പാലങ്ങള്‍ക്ക് ഗതാഗത്തിനുള്ള അനുമതി കൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനാലാണ് ആ പദ്ധതി ഒഴിവാക്കിയതെന്നും ഷീറ്റ് മാറ്റുന്ന അറ്റകുറ്റപണികള്‍ എത്രയുംവേഗം ആരംഭിക്കുമെന്നും എം എ അബൂബക്കര്‍ ഹാജി പറഞ്ഞു.
Next Story

RELATED STORIES

Share it