പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ പ്രീണനത്തിനു സിപിഎം നീക്കം: വി ടി ബല്‍റാം

കോഴിക്കോട്: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുക എന്ന തന്ത്രമാണ് സിപിഎം പയറ്റാന്‍ പോകുന്നതെന്ന് വി ടി ബല്‍റാം എംഎല്‍എ. ടൗണ്‍ഹാളില്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ 'വര്‍ഗീയതയുടെ രാഷ്ട്രീയം' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയുടെ കൊലപാതകത്തെ ഇസ്‌ലാമിക വര്‍ഗീയതയാക്കി സംഘപരിവാരത്തിന്റെ പിന്തുണ നേടാനാണ് സിപിഎം നീക്കം.
കേരളത്തിലെ കാംപസുകളെ അക്രമരാഷ്ട്രീയത്തിലേക്ക് തള്ളിവിട്ടതും കലാലയ രാഷ്ട്രീയത്തെ കലാപ രാഷ്ട്രീയമാക്കി മാറ്റിയതും എസ്എഫ്‌ഐ ആണ്. അറേബ്യയിലെ ഏത് അത്തര്‍ക്കുടത്തില്‍ കൈ മുക്കിയാലും ഈ ചോരക്കറ കഴുകാന്‍ ഇവര്‍ക്ക് കഴിയില്ലെന്നും ബല്‍റാം പറഞ്ഞു. ശശി തരൂരിനെ ആക്രമിക്കാനൊരുങ്ങുന്ന ബിജെപി ഹിന്ദുത്വരാഷ്ട്രവാദമില്ലെന്ന് വ്യക്തമാക്കണം. രാജ്യസഭയിലും ഭൂരിപക്ഷം കിട്ടിയാല്‍ ഹിന്ദുത്വരാഷ്ട്രവാദത്തിലേക്ക് ഇന്ത്യയെ നയിക്കും. സിപിഎമ്മിന്റെ തണലിലാണ് എസ്ഡിപിഐ വളര്‍ന്നതെന്നും ബല്‍റാം വ്യക്തമാക്കി.
എസ്ഡിപിഐക്കെതിരേ ശബ്ദിച്ചതിനാല്‍ ജീവനു നേരെ ഭീഷണി ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇവരെ പേടിച്ച് വീട്ടിലിരുന്നിട്ടില്ലെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. എം കെ മുനീര്‍ എംഎല്‍എ വ്യക്തമാക്കി. ബിനു-ഫസല്‍ വധക്കേസുകളില്‍ സിപിഎമ്മും എസ്ഡിപിഐയും ഒത്തുതീര്‍പ്പ് നടത്തിയതായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനെതിരേ സിപിഎം നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. ലീഗുകാരുടെ മടിയില്‍ യാതൊരു ഭാണ്ഡവുമില്ലാത്തതിനാല്‍ എസ്ഡിപിഐയെയും ആര്‍എസ്എസിനെയും എതിര്‍ക്കാന്‍ കഴിയുമെന്നും മുനീര്‍ വ്യക്തമാക്കി. 'വര്‍ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാകണമെങ്കില്‍ എസ്ഡിപിഐയുമായുള്ള ബന്ധം ഒഴിവാക്കാന്‍ സിപിഎം തയ്യാറാവണമെന്ന് പി കെ ഫിറോസ് പറഞ്ഞു. കെ എം ഷാജി എംഎല്‍എ, നജീബ് കാന്തപുരം, സി കെ സുബൈര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it