Flash News

പാര്‍ട്ടി ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്നാരോപണം : കെജ്‌രിവാളിനെതിരേ മിശ്ര സിബിഐക്ക് പരാതി നല്‍കി



ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംസ്ഥാന മന്ത്രി സത്യേന്ദ്ര ജെയിന്‍, മൂന്ന് ആംആദ്മി പാര്‍ട്ടി (എഎപി) നേതാക്കള്‍ എന്നിവര്‍ക്കെതിരേ പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര സിബിഐക്ക് പരാതി നല്‍കി. പാര്‍ട്ടി ഫണ്ട് വിദേശ യാത്രയ്ക്കായി ദുര്‍വിനിയോഗം ചെയ്തുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്. അഞ്ച് നേതാക്കളുടെയും വിദേശ പര്യടനം സംബന്ധിച്ച വിശദവിവരങ്ങള്‍ പരസ്യമാക്കിയില്ലെങ്കില്‍ ബുധനാഴ്ച സമരം ആരംഭിക്കുമെന്നും കപില്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. ജെയിനും കെജ്‌രിവാളും രണ്ടുകോടി രൂപ കൈമാറിയത,് മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരന് വേണ്ടി 50 കോടിയുടെ ഭൂമി ഇടപാട്, വിദേശ പര്യടനങ്ങള്‍ക്കായി പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്തത് എന്നിവ സംബന്ധിച്ച മൂന്നു പരാതികളാണ് സിബിഐക്ക് നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു. പരാതി ഫയല്‍ ചെയ്യുന്നതിനു മുമ്പ് തന്റെ ഗുരുവായ കെജ്‌രിവാളിന്റെ അനുഗ്രഹം ആവശ്യപ്പെട്ട് മിശ്ര ഒരുകത്ത് എഴുതിയിരുന്നു. തനിക്കെതിരേ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും മിശ്ര കെജ്‌രിവാളിനെ വെല്ലുവിളിച്ചു. 400 കോടി രൂപയുടെ വാട്ടര്‍ ടാങ്കര്‍ അഴിമതിയുടെ അന്വേഷണം കെജ്‌രിവാള്‍ വൈകിപ്പിച്ചു എന്നാരോപിച്ച് ചില രേഖകള്‍ മുന്‍ ജലമന്ത്രികൂടിയായ മിശ്ര അഴിമതി വിരുദ്ധ ബ്രാഞ്ചിന് സമര്‍പ്പിച്ചിട്ടുണ്ട്. കപില്‍ മിശ്രയുടെ മൊഴി വിശദമായി വ്യാഴാഴ്ച രേഖപ്പെടുത്തുമെന്ന് അഴിമതി വിരുദ്ധ ബ്രാഞ്ച് അധ്യക്ഷന്‍ മുകേഷ്‌കുമാര്‍ മീണ അറിയിച്ചു. അഴിമതിയില്‍ ഉള്‍പ്പെട്ടെന്ന് ആരോപിക്കപ്പെട്ട മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചോദ്യം ചെയ്തിരുന്നു, ബിജെപി ഇവരെ സംരക്ഷിക്കുകയാണെന്ന് വാദിച്ച കപില്‍ മിശ്ര ഇപ്പോള്‍ എഎപി ഇവരെ സംരക്ഷിക്കുകയാണെന്നാണ് ആരോപിക്കുന്നത്. കെജ്‌രിവാളിനും മറ്റുമെതിരേ മിശ്ര നല്‍കിയ പരാതികള്‍ പരിശോധിക്കുമെന്ന് സിബിഐ വക്താവ് ആര്‍ കെ ഗൗര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it