പാരീസിലെ ആഡംബര കൊട്ടാരം വാങ്ങിയത് ബിന്‍ സല്‍മാനെന്ന് റിപോര്‍ട്ട്‌

റിയാദ്: ഡാവിഞ്ചി ചിത്രത്തിനായി കോടികള്‍ ചെലവിട്ടതിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതിനു പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബി ന്‍ സല്‍മാന്‍ ലോകത്തെ ഏറ്റവും ചെലവേറിയ ഭവനം സ്വന്തമാക്കിയതായി റിപോര്‍ട്ട്. ലോകത്തെ ഏറ്റവും വില കൂടിയ ഭവനമെന്ന് ഫോബ്‌സ് മാഗസിന്‍ വിശേഷിപ്പിച്ച ഫ്രാന്‍സിലെ 50,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ചാറ്റീ ലൂയിസ് 14 എന്ന കൊട്ടാരമാണ് രാജകുമാരന്‍ വാങ്ങിയത്. 300 ദശലക്ഷം യൂറോ ചെലവഴിച്ച് 2015 ലാണ് സൗദി കിരീടാവകാശി ഇതു വാങ്ങിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൊട്ടാരം വാങ്ങിയത് ആരെന്ന് അന്നു വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, രണ്ടു വര്‍ഷം മുമ്പ് ഇത് സ്വന്തമാക്കിയത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് വെളിപ്പെടുത്തിയത്. ആഴത്തില്‍ അന്വേഷണം നടത്തിയാണ് വാര്‍ത്ത പുറത്തുവിടുന്നതെന്നും ഇടപാടിന്റെ ചില രേഖകള്‍ ലഭിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെടുന്നു. അഴിമതിവിരുദ്ധ നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരെ അറസ്റ്റ് ചെയ്തിനു പിന്നാലെയാണ് കോടികള്‍ ചെലവിട്ട് ആഡംബര കൊട്ടാരം വാങ്ങിയെന്ന റിപോര്‍ട്ട് പുറത്തുവന്നത്. ഫ്രാന്‍സിലെയും ലക്‌സംബര്‍ഗിലെയും ചില കടലാസ് കമ്പനികളുടെ പേരിലാണ് കൊട്ടാരം സ്വന്തമാക്കിയത്. എയ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ കടലാസ് കമ്പനികള്‍. മുഹമ്മദ് ബിന്‍ സല്‍മാന്റെ പേഴ്‌സനല്‍ ഫൗണ്ടേഷന്‍ മേധാവിയാണ് ഈ സൗദി കമ്പനി നിയന്ത്രിക്കുന്നത്. ഈ കൊട്ടാരത്തിന്റെ യഥാര്‍ഥ ഉടമ ബിന്‍ സല്‍മാന്‍ തന്നെയാണെന്ന് സൗദി രാജകുടുംബത്തിന്റെ ഉപദേശകര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്. രാജകുമാരന്റെ 400 മില്യണ്‍ ഡോളര്‍ വിലയുള്ള ആഡംബര യാട്ടായ പെഗാസസ് 8 വാങ്ങിയതും എയ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയെ ഉപയോഗിച്ചായിരുന്നു. റഷ്യന്‍ വോഡ്ക ടൈക്കൂണില്‍ നിന്നു 2015ല്‍ തന്നെയായിരുന്നു ഇതു വാങ്ങിയത്. ഈ കമ്പനി അടുത്തിടെ 620 ഏക്കര്‍ ഫ്രഞ്ച് സ്വത്ത് വാങ്ങുകയും പുതുക്കിപ്പണിത് ഹണ്ടിങ് ലോഡ്ജാക്കി മാറ്റുകയും ചെയ്തിരുന്നു.എന്നാല്‍, ഈ സ്വത്ത് വാങ്ങിയത് സല്‍മാനു വേണ്ടിയാണോ എന്നു വ്യക്തമല്ല. ബിന്‍ സല്‍മാനെ കൂടാതെ  നിരവധി പ്രമുഖ സൗദി രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി വസ്തുവകകള്‍ വാങ്ങാനും ഈ കമ്പനിയെ ഉപയോഗിച്ചുവരുന്നുണ്ട്. ബര്‍മുഡ നിയമ കമ്പനിയില്‍ നിന്ന് ചോര്‍ന്ന പാരഡൈസ് പേപ്പേഴ്‌സ് എന്ന രേഖകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും റിപോര്‍ട്ടിലുണ്ട്. സൗദി രാജകുമാരന്റെ ധൂര്‍ത്തിന് ഉദാഹരണമാണിതെന്ന് റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു. നേരത്തേ ഫ്രാന്‍സില്‍ നിന്ന് യാനം വാങ്ങിയത് വന്‍ വിവാദമായിരുന്നു. 500 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് യാനം വാങ്ങി യത്. തൊട്ടുപിന്നാലെയാണ് ഡാവിഞ്ചി ചിത്രം 'ലോകരക്ഷകന്‍' വാങ്ങിയത്. അമേരിക്കയില്‍ നടന്ന ലേലത്തില്‍ ആരാണിത് സ്വന്തമാക്കിയതെന്ന് വ്യക്തമായിട്ടില്ലായിരുന്നു. പിന്നീടാണ് മുഹമ്മദ് ബിന്‍ സല്‍മാനാണ് ചിത്രം സ്വന്തമാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയത്. യുഎഇയിലെ മ്യൂസിയത്തിനു സമ്മാനമായി ചിത്രം കൈമാറിയെന്നും റിപോര്‍ട്ടുകള്‍ വന്നിരുന്നു.
Next Story

RELATED STORIES

Share it