kasaragod local

പാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പാതിവഴിയില്‍

മാനന്തവാടി: ഏറെ കാലത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഭൂരഹിതര്‍ക്ക് നല്‍കാനായി പാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും പാതിപോലും പൂര്‍ത്തിയായില്ല. താലൂക്കിലെ സര്‍വേയര്‍മാരെ കാസര്‍കോട്ട് റീസര്‍വേ നടപടികള്‍ക്കായി മാറ്റിയതാണ് ഭൂമിയേറ്റെടുപ്പ് നിലയ്ക്കാന്‍ ഇടയാക്കിയത്.
പാരിസണ്‍ എസ്‌റ്റേറ്റ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ കൈവശമുള്ള മിച്ചഭൂമിയില്‍ നിന്നു 397.89 ഏക്കറാണ് ഭൂരഹിതര്‍ക്കായി വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് 2016ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. മാനന്തവാടി, തവിഞ്ഞാല്‍ വില്ലേജുകളിലായി 47 സര്‍വേ നമ്പറുകളിലാണ് ഈ ഭൂമി. ഭൂപരിഷ്‌കരണ നിയമപ്രകാരം എസ്‌റ്റേറ്റിന്റെ കൈവശമുള്ള മിച്ചഭൂമി ഏറ്റെടുക്കുന്നതിനായി മാനന്തവാടി ലാന്റ് ബോര്‍ഡ് എടുത്ത നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു.
ലാന്റ് ബോര്‍ഡ് ഉത്തരവ് തടഞ്ഞതിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഉപഹരജിയിലാണ്, ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാണ് ഭൂമിയേറ്റെടുക്കുന്നതെന്നു കോടതിയെ ബോധ്യപ്പെടുത്തുകയും ഇതുപ്രകാരം 397.89 ഏക്കര്‍ ഭൂമി മാത്രം ഏറ്റെടുക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തത്. അനുമതി ലഭിച്ച മുറയ്ക്ക് നടപടി ആരംഭിച്ചെങ്കിലും ഇതിനോടകം 118 ഏക്കറോളം മാത്രമാണ് റവന്യൂവകുപ്പ് ഏറ്റെടുത്തത്. തോട്ടം ഭൂമിയല്ലാത്ത ഈ ഭാഗങ്ങളിലെല്ലാം ഭൂരഹിതര്‍ കൈയേറി താമസിക്കുന്നുണ്ട്.
എന്നാല്‍, ബാക്കിയുള്ളതു കൂടി ഏറ്റെടുത്താല്‍ താലൂക്കിലെ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും സര്‍വേയര്‍മാര്‍ പോയതോടെ ഇക്കാര്യം അധികൃതര്‍ മറന്ന മട്ടാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് സര്‍വേയര്‍മാരും ഡ്രാഫ്റ്റ്‌സ്മാന്‍മാരും ഉള്ള ജില്ലയില്‍ നിന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയപ്പോള്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
ജില്ലയിലെ 14 വില്ലേജുകളില്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാവാനുണ്ടെന്നിരിക്കെ, സര്‍വേയര്‍മാരെ സ്ഥലംമാറ്റിയാല്‍ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുമെന്നും എംഎല്‍എമാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. വീട് നിര്‍മിക്കാന്‍ മൂന്നു സെന്റ് ഭൂമിക്കായി പതിനായിരത്തോളം പേര്‍ കാത്തിരിക്കുമ്പോഴാണ് സര്‍വേയര്‍മാരുടെ അഭാവം കാരണം പാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നീണ്ടുപോവുന്നത്.
Next Story

RELATED STORIES

Share it