kannur local

പാനൂരില്‍ ആശങ്ക പടര്‍ത്തി വീടുകളില്‍ വെളുത്ത സ്റ്റിക്കറുകള്‍

പാനൂര്‍: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വീടുകളിലും മറ്റും ജനല്‍ചില്ലുകള്‍ക്ക് കറുത്ത സ്റ്റിക്കര്‍ പതിക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ വെള്ള നിറത്തിലുള്ള സ്റ്റിക്കറുകളും പതിച്ചതായി കണ്ടെത്തി. അരയാക്കൂല്‍, കുറിച്ചിക്കര ഭാഗങ്ങളിലെ വീടുകളിലാണ് ഇന്നലെ രാവിലെ വെളുത്ത സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടത്. ചൊക്ലി പോലിസ് സ്റ്റേഷന്‍ പരിധിയിലെ മേലെ പൂക്കോം എലാങ്കോട് റോഡിലെ കരുവന്റവിട പുത്തലത്ത് കെ വി മുസ്തഫയുടെ വീട്ടുചുമരില്‍ അസ്വഭാവികമായി സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തി. വീട് പൂട്ടി വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കുടുംബാംഗങ്ങള്‍. തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അന്നുതന്നെ ചമ്പാട് തയ്യുള്ള പറമ്പത്ത് സറീന, വലിയ പറമ്പത്ത് അസീസ്, കണ്ടോത്ത് ഹംസ എന്നിവരുടെ വീടുകളിലും ഇത്തരം സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടു. പോലിസ് പരിശോധന നടത്തുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി അരയാക്കൂലില്‍ പന്ന്യന്നൂര്‍ റോഡിന് സമീപം മൊയ്‌ലോത്തുംകണ്ടി സായൂജ്യത്തില്‍ സുരേന്ദ്രന്റെയും നടക്കകം കുനിയില്‍ ശരീഫയുടെയും വീടുകളിലും സ്റ്റിക്കര്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് മാഹി നഗരസഭാ ജീവനക്കാരനായ കുറിച്ചിക്കരയിലെ ചങ്ങരോള്‍ ബാബുവിന്റെ വീട്ടില്‍ സ്റ്റിക്കര്‍ കണ്ടത്. പകലില്‍ പൂട്ടിയിടുന്നതോ, സ്ത്രീകള്‍ മാത്രമുള്ളതോ ആയ വീടുകളാണ് ഇവയിലേറെയും. കഴിഞ്ഞ ദിവസം ജന്മി പുത്തന്‍പുരക്ക് സമീപത്തെ പത്രവിതരണക്കാരന്‍ സുനില്‍കുമാറിന്റെ വീട്ടില്‍ രാത്രി ഒരുസംഘം എത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ പോലിസ് പട്രോളിങ് ശക്തമാക്കി.
Next Story

RELATED STORIES

Share it