wayanad local

പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയില്ല

കല്‍പ്പറ്റ: ആദിവാസി പുനരുദ്ധാരണത്തിന് പദ്ധതികള്‍ നിരവധിയെങ്കിലും പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ പോലും നടപടികളില്ല. സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ നടന്നുവരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് ആദിവാസികള്‍ക്ക് ഗുണം ചെയ്യാന്‍ സമയം ഇനിയുമെടുത്തേക്കും. ജില്ലയില്‍ 3,100 ആദിവാസി വീടുകള്‍ പണിപൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ചെന്നാണ് കണക്ക്. പട്ടികവര്‍ഗ വകുപ്പ് പ്രമോട്ടര്‍മാര്‍ നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരം. ത്രിതല പഞ്ചായത്തുകള്‍ മുഖേന ആദിവാസികള്‍ക്കു നല്‍കിയ വീടുകളാണ് പാതിവഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ട്രൈബല്‍ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം തുടങ്ങിയ വീടുകളില്‍ 90 ശതമാനവും പൂര്‍ത്തീകരിച്ചതായാണ് കണക്ക്. 2010നു ശേഷം നല്‍കിയ വീടുകളെക്കുറിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ത്രിതല പഞ്ചായത്തുകള്‍ ഇന്ദിരാ ആവാസ് യോജന, ഇഎംഎസ് ഭവനപദ്ധതി തുടങ്ങിയ പേരുകളില്‍ ആദിവാസികള്‍ക്കായി അനുവദിച്ച വീടുകളാണ് ഭൂരിഭാഗവും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത്. ഗ്രാമസഭകളില്‍ ഗുണഭോക്താക്കളെ കണ്ടെത്തി ഇവരുമായി നേരിട്ട് കരാറുണ്ടാക്കിയാണ് വീടുകള്‍ക്കുള്ള ഫണ്ട് കൈമാറിയിരുന്നത്. ഒന്നാംഘട്ടം തറയുടെ പണി പൂര്‍ത്തിയാക്കി രണ്ടാംഘട്ടം ചുമര്‍നിര്‍മാണത്തിന്റെയും മൂന്നാംഘട്ടം കോണ്‍ക്രീറ്റിന്റെയും പണം കൈക്കലാക്കി മിക്കയിടങ്ങളിലും കരാറുകാരന്‍ മുങ്ങുകയായിരുന്നു. ഇത്തരം കരാറുകാര്‍ക്കെതിരേ കേസെടുക്കാന്‍ മന്ത്രിതലത്തില്‍ നിര്‍ദേശമുണ്ടായെങ്കിലും വിരലിലെണ്ണാവുന്ന കരാറുകാര്‍ക്കെതിരേ മാത്രമേ നടപടികളുണ്ടായിട്ടുള്ളൂ. ഇവരൊക്കെ കോടതിയില്‍ നിന്നു തടസ്സമില്ലാതെ ജാമ്യം നേടുകയും ചെയ്തു. പിന്നീട് ഇവര്‍ക്കെതിരേ നടപടിയൊന്നുമുണ്ടായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമപ്പഞ്ചായത്തുകള്‍ നല്‍കിയ 75,000 രൂപ കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. പിന്നീട് ഈ സംഖ്യ 1,25,000 രൂപയാക്കി. ഇപ്പോള്‍ 2,50,000 രൂപയാണ് വീടുനിര്‍മാണത്തിനായി ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നല്‍കുന്നത്. വെള്ളമുണ്ട പഞ്ചായത്തില്‍ 94, തൊണ്ടര്‍നാട്-186, തരിയോട്- 86 വീടുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it