പാതയോര മദ്യ നിരോധനംസുപ്രിംകോടതി മുന്‍ ഉത്തരവില്‍ മാറ്റംവരുത്തും

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യ—ശാലകള്‍ നിരോധിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവില്‍  മാറ്റംവരുത്തുമെന്ന് സുപ്രിംകോടതി അറിയിച്ചു. നിരോധനം സംബന്ധിച്ച 2016 അഗസ്തിലെ ഉത്തരവില്‍ ഭേദഗതി വേണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
സംസ്ഥാനങ്ങളുടെ അപേക്ഷകള്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിധിപറയാനായി മാറ്റി. നിരോധനത്തിന്റെ ദൂരപരിധിയില്‍ നിന്നു പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അസമിലെ ബാര്‍ ഉടമകളാണ് ആദ്യം സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളും ഇളവ് ആവശ്യപ്പെട്ട് സത്യവാങ്മൂലം  സമര്‍പ്പിക്കുകയായിരുന്നു. മദ്യനിരോധനത്തിനുള്ള പരിധിയില്‍ പഞ്ചായത്തുകള്‍ക്ക് ഇളവുനല്‍കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്നു കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ മാത്രമാണ് എതിര്‍പ്പ് ഉന്നയിച്ചത്. കേസില്‍ വാദം നടക്കുന്നതിനിടെയാണ് കോടതി ഇക്കാര്യത്തില്‍ അഭിപ്രായം തേടിയത്. ഇതിനു പിറകെയാണു മുന്‍ ഉത്തരവില്‍ ഭേദഗതിവരുത്താമെന്നു കോടതി അറിയിച്ചത്. അതേസമയം ഏതൊക്കെ കാര്യങ്ങളിലാണ് ഭേദഗതി വരുത്തുന്നതെന്നു കോടതി വ്യക്തമാക്കിയില്ല.
പാതയോരത്തെ മദ്യവില്‍പ്പനയ്ക്കുള്ള നിരോധനം സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ത്തെന്നും വരുമാനത്തില്‍ ഇടിവ് വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേരളം പഞ്ചായത്തുകള്‍ക്ക് ഇളവുവേണണെന്ന് അഭ്യര്‍ഥിച്ചത്. ടൂറിസമാണ് കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗം.  കേരളത്തിലെ ഹോട്ടലുകളിലേക്ക് വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്താറുണ്ട്. മദ്യവില്‍പ്പന സംബന്ധിച്ച ഉത്തരവ് നടപ്പാക്കിയതോടെ ടൂറിസം മേഖല ഇടിഞ്ഞു. ടൂറിസം മേഖലയുടെ വികസനത്തിനായാണ് ഈ പ്രദേശങ്ങളിലെ പല റോഡുകളും സംസ്ഥാന ഹൈവേകള്‍ ആയോ, ദേശീയ പാതകളായോ ഉയര്‍ത്തിയത്. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നിവ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നതെന്നുമായിരുന്നു കേരളത്തിന്റെ വാദം.
Next Story

RELATED STORIES

Share it