പാതയിരട്ടിപ്പിക്കല്‍; ട്രെയിനുകള്‍ക്ക് റൂട്ട്മാറ്റം

തിരുവനന്തപുരം: എറണാകുളം-കോട്ടയം റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ട്രെയിനുകള്‍ക്ക് റൂട്ട്മാറ്റം. ഇന്ന് നാലു ട്രെയിനുകള്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, ഹസ്രത് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ്, ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണിവ.
ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ രണ്ടു മിനിറ്റും ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല സ്റ്റേഷനുകളില്‍ ഒരു മിനിറ്റും ട്രെയിനുകള്‍ക്ക് സ്റ്റോപ്പേജ് അനുവദിച്ചിട്ടുണ്ട്. റൂട്ട്മാറ്റത്തിന്റെ ഭാഗമായി കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് കോട്ടയത്ത് ഒരു മണിക്കൂര്‍ 20 മിനിറ്റ് പിടിച്ചിടും.
കൊല്ലത്തിനും എറണാകുളത്തിനും ഇടയ്ക്കുള്ള നാലു പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. കൊല്ലം എറണാകുളം മെമു, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്നും നാളെയും സര്‍വീസ് നടത്തില്ല. ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ ഇന്നും കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു നാളെയും സര്‍വീസ് നടത്തില്ല. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുറുപ്പന്തറ-ഏറ്റുമാനൂര്‍ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് റൂട്ട്മാറ്റം.

Next Story

RELATED STORIES

Share it