പാഠപുസ്തകത്തിലെ ഇസ്്‌ലാമിക ചരിത്രഭാഗങ്ങള്‍ പുനസ്ഥാപിക്കും

പൊന്നാനി: 10ാം ക്ലാസ് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കാനുള്ള കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നു പിന്‍വലിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗമാണു പുസ്തകം പരിഷ്‌കരണത്തിന്റെ ഭാഗമായി ചരിത്രപ്രധാനമായ ചില പാഠഭാഗങ്ങള്‍ നീക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് പിന്‍വലിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് അധിക വായനയ്ക്കു നല്‍കിയ ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ അങ്ങിനെ തന്നെ അടുത്തവര്‍ഷത്തെ പുസ്തകത്തിലും നിലനില്‍ക്കും. 10ാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള പാഠഭാഗവും പടപ്പാട്ടുകളെ കുറിച്ചുള്ള ഭാഗവും പുസ്തകത്തില്‍ നിന്നൊഴിവാക്കാനായിരുന്നു തീരുമാനം.
സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഫ്ഫത്തുല്‍ മുജാഹിദീനെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കാന്‍ തീരുമാനമായിരുന്നു. അധിക വായനയ്ക്കു നല്‍കിയ ഭാഗങ്ങളാണ് ഒഴിവാക്കിയിരുന്നത്.
പരിഷ്‌കരണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ ഒഴിവാക്കിയപ്പോള്‍ സമാനമായ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇസ്ലാമിക ചരിത്രഭാഗത്തിനു പകരം ഒന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണു വിമര്‍ശനത്തിനു കാരണമായത്. എന്നാല്‍ കഴിഞ്ഞദിവസം ഒഴിവാക്കല്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണു തീരുമാനം പിന്‍വലിച്ചത്. യോഗത്തിലെ ചില അംഗങ്ങള്‍ അപ്പോള്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ പുസ്തകം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന അഭിപ്രായമായിരുന്നു ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കാന്‍ തീരുമാനിച്ചതെന്നും വിയോജിപ്പുള്ളതുകൊണ്ട് അപ്പോള്‍ തന്നെ വേണ്ടെന്നുവച്ചിരുന്നുവെന്നും കരിക്കുലം കമ്മിറ്റി അറിയിച്ചു.
10ാം ക്ലാസ് പാഠപുസ്തകത്തിലെ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കുകയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും അറിയിച്ചു. പാഠഭാഗത്തെ ബോക്സുകളുടെ ആധിക്യം ക്ലാസ്‌റൂം വിനിമയത്തെയും കുട്ടികളുടെ വായനയെയും തടസ്സപ്പെടുത്തുന്നതായി പാഠപുസ്തകം പരിശോധിച്ച കരിക്കുലം സബ്കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.
ഇതു സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം തീരുമാനിച്ച സാഹചര്യത്തില്‍ ബോക്സുകള്‍ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കേണ്ടതില്ലെന്നു നിശ്ചയിക്കുകയാണുണ്ടായതെന്നും എസ്‌സിഇആര്‍ടി ഡയറക്ടറും അറിയിച്ചു.

Next Story

RELATED STORIES

Share it