പാട്ടത്തിനെടുത്ത സ്ഥലത്ത് നിന്നു തൊഴിലാളിക്കു ലഭിച്ചത് ഒന്നരക്കോടിയുടെ വജ്രം

ഭോപാല്‍: പാട്ടത്തിനെടുത്ത സ്ഥലം കുഴിച്ചപ്പോള്‍ മോത്തിലാല്‍ എന്ന ഖനന തൊഴിലാളിക്കു ലഭിച്ചത് ഒന്നരക്കോടി രൂപ വിലവരുന്ന അമൂല്യ വജ്രം. മധ്യപ്രദേശിലെ ബുണ്ഡേല്‍ഖണ്ഡില്‍ നിന്നുള്ള മോത്തിലാല്‍ പ്രജാപതിക്കാണ്് അമൂല്യമായ വജ്രം ലഭിച്ചത്. പന്നയില്‍ കൃഷ്ണകല്യാണ്‍പൂര്‍ പാട്ടി വില്ലേജിലാണ് മോത്തിലാല്‍ പാട്ടത്തിനെടുത്ത സ്ഥലം. ഭോപാലില്‍ നിന്ന് 413 കിലോമീറ്റര്‍ അകലെയാണിത്. രാജ്യത്തെ ഒരേയൊരു വജ്രഖനിയാണ് പന്നയിലേത്. ആഴ്ചകള്‍ക്ക് മുമ്പാണു മോത്തിലാല്‍ വജ്രം ലഭിച്ച സ്ഥലം പാട്ടത്തിനെടുക്കുന്നത്. വജ്രം ലഭിച്ചതിലൂടെ പ്രായമായ മാതാപിതാക്കളെ സഹായിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മോത്തിലാല്‍ പറഞ്ഞു.
മൂന്ന് തലമുറകളായി മോത്തിലാലിന്റെ കുടുംബം പ്രദേശത്ത് സ്ഥലം പാട്ടത്തിനെടുക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇത്തരത്തിലൊരു ഭാഗ്യം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും മോത്തിലാല്‍ കൂട്ടിച്ചേര്‍ത്തു.
42.59 കാരറ്റ് മൂല്യമുള്ള വജ്രം ഈ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള വജ്രങ്ങളില്‍ വലുപ്പത്തില്‍ രണ്ടാമതും മൂല്യത്തില്‍ ഒന്നാമതുമാണ്. റസൂല്‍ അഹ്മദ് എന്നയാള്‍ക്കാണ് അവസാനമായി പ്രദേശത്ത് നിന്ന് വജ്രം കിട്ടിയത്. 44.55 കാരറ്റ് വജ്രമായിരുന്നു അന്ന് കിട്ടിയത്. മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് വജ്ര ഖനി പ്രവര്‍ത്തിക്കുന്നത്. വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ഒന്നരക്കോടി രൂപ വില വരുന്ന ഈ വജ്രം നിലവില്‍ കലക്ടറുടെ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്. നവംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വജ്രം ലേലത്തിന് വയ്ക്കും. ലേലത്തില്‍ ചിലപ്പോള്‍ കൂടുതല്‍ വില ലഭിക്കാനും സാധ്യതയുണ്ട്. ലേലത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്ന് 11 ശതമാനം നികുതി എടുത്ത ശേഷം വരുന്ന തുക മോത്തിലാലിനു കൈമാറും.
Next Story

RELATED STORIES

Share it