Idukki local

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുക്കും : കെപിഎംഎസ്‌



തൊടുപുഴ: പാട്ടകാലാവധി കഴിഞ്ഞതും അനധികൃതമായി കൈവശം വച്ചനുഭവിച്ചുവരുന്നതുമായ ഭൂമി പിടിച്ചെടുക്കുമെന്ന് കെപിഎംഎസ് സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. മണ്ണിലധ്വാനിച്ച് ജീവിതം നയിച്ചവരെ കുടികിടപ്പുകാരായി വ്യാഖ്യാനിച്ച്  മൂന്നു മുതല്‍ 10 സെന്റ് വരെ കുടികിടപ്പവകാശമായി നല്‍കി. ഭൂപരിഷ്‌കരണ നിയമത്തിലെ ഒരു കുടുംബത്തിന് പതിനഞ്ചേക്കര്‍ ഭൂമി എന്ന തത്വം അട്ടിമറിച്ചുകൊണ്ട് ഹെക്ടര്‍ കണക്കിന് ഭൂമി കൈയ്യേറ്റവും കുടിയേറ്റവും എന്ന് വ്യാഖ്യാനിച്ച് കൈവശം വച്ച് അനുഭവിക്കുന്നു. ഭൂപരിഷ്‌കരണ നിയമവ്യവസ്ഥയനുസരിച്ച് പതിനഞ്ചേക്കര്‍ ഭൂമി എങ്കിലും ലഭിക്കാന്‍ സാധ്യതയില്ലെന്ന് സമ്മേളനം തിരിച്ചറിയുന്നു. മിച്ചഭൂമിയും വനഭൂമിയും സംഘടിതശക്തിയും സമ്പന്നവിഭഗവും കൊള്ളയടിച്ച് കൈവശപ്പെടുത്തിയിരിക്കുന്നു. ഇത് മൂലം ലക്ഷക്കണക്കിന് ആളുകള്‍ ഭൂരഹിതരാണ്.ഇവര്‍ക്ക് കൃഷിഭൂമി ലഭ്യമാക്കാന്‍ കേരളപ്പിറവിദിനമായ ഇന്ന്് ഭൂരഹിതരായ മുഴുവന്‍ ജനങ്ങളെയും സംഘടിപ്പിച്ചു പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇതിനായി നാല് മേഖലകള്‍ കേന്ദ്രീകരിച്ച് ഭൂരഹിത കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുവാനും പിടിച്ചെടുക്കല്‍ സമരത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെ -ഭൂ അധിനിവേശ- പ്രക്ഷോഭണജാഥ  നടത്താനും തീരുമാനിച്ചു.സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം പൊതുചര്‍ച്ചയ്ക്ക്  ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മറുപടി പറഞ്ഞു. തുടര്‍ന്ന് ഭരണഘടനാ ഭേദഗതി കരട് രേഖ സംഘടനാ സെക്രട്ടറി കെ എ തങ്കപ്പന്‍ അവതരിപ്പിച്ചു. ടി വി ബാബു എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ വി സി ശിവരാജന്‍, കെ കെ രാജന്‍,ശിവന്‍ കോഴിക്കമാലി സംസാരിച്ചു.ഇന്ന് മൂന്ന് മണിക്ക് മൗര്യഗാര്‍ഡനില്‍ നിന്നും പ്രകടനം ആരംഭിച്ച് ടൗണ്‍ ചുറ്റി മങ്ങാട്ട് കവലയില്‍ സമാപിക്കും. അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും.കെപിഎംഎസ് സംസ്ഥാനപ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡ് പി ജെ ജോസഫ് എംഎല്‍എയും സാന്ത്വനം പെന്‍ഷന്‍ പദ്ധതി തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ എന്നിവര്‍ വിതരണം ചെയ്യും.സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെപിസിസി വൈ.പ്രസിഡന്റ് എ കെ മണി, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം പി പ്രസാദ്,ബിഡിജെഎസ്  ജനറല്‍ സെക്രട്ടറി ടി വി ബാബു, കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്  സ്വാഗതസംഘം ചെയര്‍മാന്‍  കെ പി ചന്ദ്രന്‍ സംസാരിക്കും.
Next Story

RELATED STORIES

Share it