wayanad local

പാടിച്ചിറ വില്ലേജിലെ റീസര്‍വേ; പ്രതിഷേധവുമായി കര്‍ഷകര്‍

പുല്‍പ്പള്ളി: കൈക്കൂലി നല്‍കാന്‍ തയ്യാറുണ്ടെങ്കില്‍ ഭൂമിയുടെ റീസര്‍വേ അപാകതകള്‍ പരിഹരിക്കപ്പെടും. ഇതാണ് പാടിച്ചിറ വില്ലേജിലെ അവസ്ഥ. റീസര്‍വേ അപാകതകള്‍ പരിഹരിച്ചു കിട്ടുന്നതിന് കര്‍ഷകര്‍ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. കര്‍ഷകരടക്കമുള്ള ഭൂവുടമകളാണ് കാലങ്ങളായി റീസര്‍വേയിലെ അപാകതകള്‍ മൂലം ദുരിതം പേറുന്നത്. നികുതിയടയ്ക്കാന്‍ സാധിക്കാത്തതു മൂലം ബാങ്ക്, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേവനം കിട്ടാത്ത അവസ്ഥയിലാണിവര്‍.
കൂടാതെ, സ്ഥലം ക്രയവിക്രയം നടത്താനും ഉടമസ്ഥര്‍ക്കു കഴിയുന്നില്ല. ചിലരുടെ സ്ഥലം വില്ലേജ് രേഖകളില്‍ മുമ്പുണ്ടായിരുന്ന ഉടമയുടെ പേരിലാണ് ഇപ്പോഴുമുള്ളതെന്നു നാട്ടുകാര്‍ പറയുന്നു. രേഖയില്‍ ഇങ്ങനെയായതിനാല്‍ തന്നെ നികുതി അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. രണ്ടുവര്‍ഷം മുമ്പ് കലക്ടറുടെ നിര്‍ദേശപ്രകാരം റീസര്‍വേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു.
നിലവില്‍ നികുതിയടച്ചിരുന്ന സ്ഥലത്തിന് അതേപ്രകാരം തന്നെ നികുതിയടയ്ക്കാമെന്നായിരുന്നു സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനം. എന്നാല്‍, പിന്നീടിത് പ്രാവര്‍ത്തികമായില്ല. ആയിരക്കണക്കിന് പരാതികളില്‍ ഇനിയും പരിഹാരമായിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി കാലതാമസം വരുത്തുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
6200ഓളം റീസര്‍വേ അപേക്ഷകളാണ് പാടിച്ചിറ വില്ലേജില്‍ രണ്ടു വര്‍ഷത്തിനിടെ ലഭിച്ചത്. ഇതില്‍ വളരെ കുറച്ച് അപേക്ഷകള്‍ മാത്രമാണ് പരിഹരിച്ചത്. ഇതില്‍ എത്രത്തോളം പരാതികള്‍ പരിഹരിച്ചെന്നു വില്ലേജ് ഓഫിസ് അധികൃതര്‍ക്കും വ്യക്തതയില്ല.
2016ല്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പുല്‍പ്പള്ളിയില്‍ എത്തിയപ്പോള്‍, മൂന്നു മാസത്തിനകം പാടിച്ചിറ വില്ലേജിലെ റീസര്‍വേ അപാകതകള്‍ പരിഹരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നാളിതുവരെയായിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടില്ല. റീസര്‍വേക്കായി എത്തുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ ഭൂവുടമകളില്‍ നിന്നു കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന് ഭൂവുടമകള്‍ പറയുന്നു. പലരോടും കൈക്കൂലി ആവശ്യപ്പെടുകയും കിട്ടാതെ വന്നപ്പോള്‍ റീസര്‍വേ നടപടികള്‍ നടത്താതിരിക്കുകയും ചെയ്‌തെന്നാണ് ആരോപണം.
ഗതികെട്ട കര്‍ഷകര്‍ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരായി. ഇതര ജില്ലക്കാരനായ ഉദ്യോഗസ്ഥനെക്കുറിച്ചാണ് വ്യാപകമായ പരാതി.
വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയും ആരോപണമുണ്ട്. രേഖകള്‍ ശരിയാക്കി നല്‍കുന്നതിന് ഇടനിലക്കാര്‍ മുഖേന പണം വാങ്ങുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it