kozhikode local

പാചകവാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടു ; ഒഴിവായത് വന്‍ ദുരന്തം



കോഴിക്കോട്: തൊണ്ടയാട് പൂളാടിക്കുന്ന് ബൈപ്പാസില്‍ പാചകവാതകം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മൊകവൂര്‍ കാമ്പുറത്തുകാവ് ക്ഷേത്രത്തിനു മുന്നില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു ലോറി മറിഞ്ഞത്. നാമക്കല്‍ സ്വദേശികളായ ലോറിയിലെ ക്ലീനര്‍ പ്രശാന്ത്(24), െ്രെഡവര്‍ തങ്കരാജ് (49) എന്നിവര്‍ക്ക് നിസാര പരുക്കുണ്ട്. മംഗലാപുരത്തു നിന്നും കൊച്ചി എച്ച്പി (ഹിന്ദുസ്ഥാന്‍ പെട്രോളിയം) റിഫൈനറിയിലേക്കു കൊണ്ടുപോവുകയായിരുന്ന 17 ടണ്‍ ഭാരമുള്ള എല്‍പിജി ടാങ്കര്‍ ലോറിയാണു മറിഞ്ഞത്. ബൈപ്പാസ് റോഡില്‍ മൊകവൂരില്‍ സ്ഥിരം അപകടമേഖലയായതിനാല്‍ ഇവിടെ അപായസൂചന നല്‍കുന്ന സിഗ്‌നല്‍ ലൈറ്റും ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഹമ്പുകള്‍ക്കു സമീപമെത്തിയ കാര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തു. തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി കാറിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെയാണു അപകടമുണ്ടായത്. കാറിന്റെ പിറകിലിടിച്ച ടാങ്കര്‍ലോറി പിന്നീട് റോഡിന്റെ പടിഞ്ഞാറുഭാഗത്തേക്കു നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഈ സമയം വാഹനങ്ങള്‍ കടന്നുവരാതിരുന്നതിനാല്‍ അപകടം ഒഴിവായി. ടാങ്കര്‍ ലോറിയുടെ ഇന്ധനം നിറച്ച കാപ്‌സ്യൂള്‍ വലതുഭാഗത്തേക്കാണു മറിഞ്ഞത്. അതേസമയം അതു ഇടതുഭാഗത്തേക്കു മറിയുകയാണെങ്കില്‍ വന്‍ദുരന്തമായിരുന്നു ഉണ്ടാവുക. ഇടതുഭാഗത്താണു വാല്‍വുകളും മറ്റും ഘടിപ്പിച്ചിരിക്കുന്നത്. ഇതു റോഡില്‍ മറിഞ്ഞയുടന്‍ പൊട്ടുകയും പാചകവാതകം ചോരുകയും ചെയ്യും. ടാങ്കര്‍ മറിഞ്ഞയുടന്‍ സമീപവാസിയായ യുവാവാണു വിവരം പോലിസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചത്. തുടര്‍ന്നു 3.20ഓടെ വെള്ളിമാടുകുന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പോലിസും രാത്രി പരിശോധനാ ചുമതലയുണ്ടായിരുന്ന ടൗണ്‍ സിഐ പി എം മനോജും സ്ഥലത്തെത്തി. ട്രാഫിക് സിഐ ശ്രീജിത്ത് സ്ഥലത്തെത്തിയ ശേഷം ബൈപ്പാസ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തിരിച്ചുവിട്ടു. പിന്നീട് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചു. ടാങ്കര്‍ പരിശോധിച്ച് ചോര്‍ച്ചയില്ലെന്നുറപ്പുവരുത്തി. ടാങ്കര്‍ മാറ്റുന്നതിനിടെ ചോര്‍ച്ചയുണ്ടാവാനുള്ള സാധ്യത മുന്‍നിര്‍ത്തി എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. എച്ച്പിയുടെ സൂപ്പര്‍വൈസറും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നു ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറിയുടെ കാബിന്‍(മുന്‍ഭാഗം) മാറ്റുകയും പിന്നീട് കാപ്‌സ്യൂള്‍ മറ്റൊരു ലോറിയില്‍ ഘടിപ്പിക്കുകയുമായിരുന്നു. ആറുമണിക്കൂറിനു ശേഷമാണു ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്. ജില്ലാ കലക്ടര്‍ യു വി ജോസ്, ഡിസിപി പിബി രാജീവ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ അബ്ദുള്‍ വഹാബ്, നോര്‍ത്ത് ട്രാഫിക് അസി. കമ്മിഷണര്‍ പി കെ രാജു, വെള്ളിമാട്കുന്ന് ഫയര്‍ഓഫിസര്‍ കെ പി ബാബുരാജ് സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it