പാക് ഷെല്ലാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ബാല്‍കോട്ട് സെക്ടറില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയില്‍ നിന്നു നാല് കിലോമീറ്റര്‍ അകലെ താമസിക്കുന്ന ചൗധരി മുഹമ്മദ് റംസാന്‍ (35), ഭാര്യ മാലികാ ബി (32), മക്കളായ അബ്ദുര്‍റഹ്മാന്‍ (14), മുഹമ്മദ് റിസ്‌വാന്‍ (12), റസാഖ് റംസാന്‍ (7) എന്നിവരാണു മരിച്ചത്. റംസാന്റെ പെണ്‍മക്കളായ നസ്‌റീന്‍ കൗസര്‍ (11), മഹ്‌റീന്‍ കൗസര്‍ (5) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് പാകിസ്താന്‍ ആക്രമണം തുടങ്ങിയതെന്നും റംസാന്റെ വീടിനു മുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചു പേരുടെ ജീവനെടുത്തതെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് ആക്രമണത്തില്‍ സാധാരണക്കാര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. പാകിസ്താന്റെ ഏതുതരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നേരിടാന്‍ പ്രാപ്തമാണ് ഇന്ത്യന്‍ സേനയെന്ന് കഴിഞ്ഞയാഴ്ച പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it