Flash News

പാക് വിജയം ആഘോഷിച്ചിട്ടില്ലെന്ന് മധ്യപ്രദേശില്‍ അറസ്റ്റിലായ യുവാക്കള്‍

പാക് വിജയം ആഘോഷിച്ചിട്ടില്ലെന്ന് മധ്യപ്രദേശില്‍ അറസ്റ്റിലായ യുവാക്കള്‍
X


ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ചെന്ന കേസില്‍ അറസ്റ്റിലായ യുവാക്കള്‍ നിരപരാധികളാണെന്ന് ബന്ധുക്കള്‍. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്നാരോപിച്ച് 15 പേരെയാണ് കഴിഞ്ഞദിവസം ബുര്‍ഹാന്‍പൂരില്‍ നിന്ന് മധ്യപ്രദേശ് പോലിസ് അറസ്റ്റ്‌ചെയ്തത്. പിടിയിലായ എല്ലാവരും മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മെഹൂദ് സ്വദേശികളാണ്. ഇതില്‍ രണ്ടുപേര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ല. അറസ്റ്റിലായവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുഭാഷ് ലക്ഷ്മണ്‍ എന്നയാളുടെ പരാതിയിലായിരുന്നു പോലിസിന്റെ നടപടി. ഈ നടപടികള്‍ തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും രാജ്യദ്രോഹക്കുറ്റം തങ്ങളുടെ ജീവിതം തകര്‍ക്കുമെന്നും മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ സ്വദേശി യൂസുഫ് തദവി പറഞ്ഞു. യൂസുഫിന്റെ സഹോദരിമാരുടെ രണ്ടുമക്കളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. പാക് വിജയത്തില്‍ ആഘോഷം പ്രകടിപ്പിച്ച് പ്രദേശത്തെ മുസ്‌ലിംകള്‍ പ്രകടനം നടത്തുന്നുവെന്നും പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നുവെന്നുമായിരുന്നു പരാതി. എന്നാല്‍, അറസ്റ്റിലായ ആരും പ്രകടനം നടത്തിയിട്ടില്ലെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. ബിജെപിക്കു വോട്ട് ചെയ്യാത്തതു കാരണം പ്രദേശത്തെ മുസ്‌ലിംകളെ ലക്ഷ്യം വയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ തങ്ങളുടെ വീട്ടിലേക്ക് പോലിസ് അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് അറസ്റ്റിലായ മഹ്മൂദിന്റെ (25) പിതാവ് റഫീഖ് ഇമാം പറഞ്ഞു. പോലിസ് തന്റെ മകനെ മര്‍ദിക്കുകയും ചെയ്തു. ഞങ്ങള്‍ പാകിസ്താന്റെ വിജയം ഒരിക്കലും ആഘോഷിച്ചിട്ടില്ല. ഹിന്ദുക്കളും മുസ്‌ലിംകളും ഏകദേശം തുല്യ അളവിലുള്ള ഈ പ്രദേശത്ത് വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ് അവരുടെ ലക്ഷ്യം റഫീഖ് പറഞ്ഞു.പോലിസിന്റെ നടപടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് മെഹുദ് സ്വദേശി റശീദ് പറഞ്ഞു. ഗ്രാമത്തിലെ മിക്ക മുസ്‌ലിം വീട്ടിലെയും കൗമാരക്കാരെ ഇവിടെനിന്നു മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. തങ്ങളുടെ മക്കളെയും സഹോദരങ്ങളെയും പോലിസ് പിടിച്ചുകൊണ്ടു പോവുമോയെന്ന ഭീതിയിലാണ് മിക്ക വീട്ടുകാരുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ബുര്‍ഹാന്‍പൂര്‍, ഖന്‍ദാവ പോലുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ചെറുപ്പക്കാരെ പോലിസ് ലക്ഷ്യംവയ്ക്കുകയാണെന്ന് മുസ്‌ലിം സന്നദ്ധ സംഘടനയുടെ നേതാവ് മസൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു. നിസ്സാരമായ കാരണങ്ങളുടെ പേരില്‍ രാജ്യദ്രോഹം പോലുള്ള ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തുന്നത് സമുദായത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് ആര്‍ ആര്‍ എസ് പരിഹാര്‍ പറഞ്ഞു. എന്നാല്‍, ആരും പടക്കം പൊട്ടിച്ചിട്ടില്ലെന്നാണ് മെഹൂദ് നിവാസികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it