wayanad local

പാക്കത്തും ആലൂര്‍ക്കുന്നിലും കാട്ടാനശല്യം രൂക്ഷം

പുല്‍പ്പള്ളി: പഞ്ചായത്തിലെ പാക്കം, ആലൂര്‍കുന്ന്, കുറിച്ചിപ്പറ്റ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. പ്രദേശത്തെ പത്തോളം കര്‍ഷകരുടെ വാഴ, കാപ്പി, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
പാക്കം വനത്തിലെ ട്രഞ്ചുകള്‍ ഇടിച്ചാണ് ആനകള്‍ കൃഷിയിടത്തിലിറങ്ങുന്നത്. സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പുല്‍പ്പള്ളി -മാനന്തവാടി റൂട്ടില്‍ ബൈക്ക് യാത്രികര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് പുറമേ പാക്കം, ചെറിയമല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനശല്യം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്.
കൃഷിയിടങ്ങളിലിറങ്ങുന്ന ആനകള്‍ നേരം പുലര്‍ന്നിട്ടും കൃഷിയിടങ്ങളില്‍ നിന്ന് വനത്തിലേക്ക് തിരികെ പോകാത്തതിനാല്‍ ആനകളെ ഭയന്ന് ക്ഷീരസംഘങ്ങളില്‍ പാലളക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്. പ്രദേശത്ത് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് തയ്യാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Next Story

RELATED STORIES

Share it