പാകിസ്താനെ കീഴടക്കാന്‍ ഇന്ദിരാഗാന്ധി പദ്ധതിയിട്ടു; പിന്‍വലിച്ചു

ന്യൂഡല്‍ഹി: 1971ലെ കിഴക്കന്‍ പാകിസ്താന്‍ (നിലവിലെ ബംഗ്ലാദേശ്) വിമോചനത്തിനു പിന്നാലെ പാക് അധിനിവേശ കശ്മീര്‍, ഗില്‍ജിതിന്റെ വടക്കന്‍ മേഖലകള്‍, സ്‌കാര്‍ദു, ബാള്‍ട്ടിസ്താന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗൗരവമായി നീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. ഇന്ദിരാ ഗാന്ധിയുടെ ഉപദേശകനായിരുന്ന ജി പാര്‍ഥസാരഥിയുടെ മകനും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകനുമായിരുന്ന അശോക് പാര്‍ഥസാരഥിയുടെ ഈയടുത്ത് പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
പാകിസ്താന്‍ കീഴടക്കാനുള്ള കാല്‍വയ്പിനായുള്ള തീരുമാനം കൈക്കൊള്ളാന്‍ ഇന്ദിരയെ ജി പാര്‍ഥസാരഥി പ്രേരിപ്പിച്ചിരുന്നു. എങ്കിലും ഇത്തരമൊരു തീരുമാനമെടുത്താല്‍ താനും രാഷ്ട്രപതിയും ഒറ്റപ്പെടുമെന്ന് ഇന്ദിരാഗാന്ധി പറഞ്ഞതായും പുസ്തകത്തിലുണ്ട്. ജിപി: 1915-1995 എന്ന പുസ്തകം ഈ മാസം  പുറത്തിറങ്ങും.
കിഴക്കന്‍ പാകിസ്താനിലെ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് അന്നത്തെ സോവിയറ്റ് യൂനിയന്‍ പ്രസിഡന്റ് ലിയനിഡ് ഇലിച്ച് ബ്രഷ്‌നേവിന്റെ രഹസ്യ ടെലിഗ്രാം ഇന്ദിരാഗാന്ധിക്ക് ലഭിച്ചിരുന്നു. പശ്ചിമ പാകിസ്താനെ കൈകാര്യം ചെയ്യുന്നതിന് തീരുമാനം വേണമെങ്കിലും കൈക്കൊള്ളാമെന്നും ഇതിന് പിന്തുണ നല്‍കാമെന്നും സന്ദേശത്തില്‍ പറയുന്നു. 1971 ഡിസംബര്‍ 16ന് പാക് സൈന്യം കീഴടങ്ങിയതിനു തൊട്ടുപിന്നാലെ ഇന്ദിരാഗാന്ധി മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. അതില്‍ പ്രതിരോധ മന്ത്രി ജഗ്ജീവന്‍ റാം, വിദേശകാര്യമന്ത്രി സ്വരണ്‍ സിങ്, ധനമന്ത്രി വൈ ബി ചവാന്‍, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് സാം മനേക്ഷാ, ജി പാര്‍ഥസാരഥി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.
പെഷാവറിലേക്ക് മാര്‍ച്ച് ചെയ്ത് എത്താന്‍ എത്ര സമയമെടുക്കുമെന്ന് മനേക്ഷായോട് ചോദിച്ചാണ് ഇന്ദിരാഗാന്ധി യോഗം ആരംഭിച്ചത്. തുടര്‍ന്ന്, ഇന്ദിര എല്ലാവരുടെയും അഭിപ്രായമാരാഞ്ഞു. എല്ലാവരും തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി എന്‍ ഹക്‌സര്‍ മാത്രമാണ് എതിര്‍ത്തത്. അത്തരമൊരു നീക്കം അരാജകത്വത്തിന് വഴിയൊരുക്കുമെന്നായിരുന്നു ഹക്‌സറിന്റെ മറുപടി. മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തോടും ഇന്ത്യ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it