Flash News

പാകിസ്താനുള്ള സഹായം നിര്‍ത്തിയതായി യുഎസ്‌

വാഷിങ്ടണ്‍: പാകിസ്താനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ്. അഫ്ഗാന്‍ താലിബാനും ഹഖാനി ശൃംഖലയ്ക്കുമെതിരേ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതുവരെ സാമ്പത്തിക, സൈനിക സഹായം നല്‍കില്ലെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോവെര്‍ട്ട് അറിയിച്ചു. ഇരു സംഘടനകള്‍ക്കുമെതിരേ പാകിസ്താന്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഇതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതൃപ്തിയുള്ളതായും സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. പാകിസ്താന്‍ മണ്ണില്‍ നിന്ന് സായുധസംഘടനകള്‍ യുഎസ്, അഫ്ഗാന്‍ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ നടത്തിയതായും ഡിപാര്‍ട്ട്‌മെന്റ്് ആരോപിച്ചു.  നിര്‍ത്തലാക്കിയ സാമ്പത്തികസഹായം സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 90 കോടി ഡോളറോളം വരുന്ന സഹായം റദ്ദാക്കിയതായാണു സൂചന. നാലുമാസം മുമ്പ് പാകിസ്താനുമായി ഉന്നതതല സഹകരണത്തിന് ട്രംപ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, സായുധസംഘടനയായ താലിബാനും ഹഖാനി ശൃംഖലയ്ക്കും പാകിസ്താന്‍ ഇപ്പോഴും അഭയം നല്‍കുന്നതായുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണു സഹായം അവസാനിപ്പിക്കുന്നതെന്നും യുഎസ് പ്രതികരിച്ചു. ആയുധങ്ങളോ സുരക്ഷാ സംവിധാനങ്ങളോ യുഎസ് പാകിസ്താന് നല്‍കില്ല. എന്നാല്‍, രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായാല്‍ ചില വിട്ടുവീഴ്ച ചെയ്യുമെന്നും ഹെതര്‍ നോവെര്‍ട്ട് അറിയിച്ചു. പുതുവല്‍സര ദിനത്തില്‍ പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന് നല്‍കിവരുന്ന സഹായധനം റദ്ദാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3,300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നും ട്വീറ്റില്‍ പറയുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാമ്പത്തികസഹായം സ്വീകരിക്കുന്ന പാകിസ്താന്റേത് വഞ്ചനാപരമായ നിലപാടാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it