Flash News

പശ്ചിമബംഗാള്‍ : ബിജെപിക്കെതിരായ പോരാട്ടം -തൃണമൂലുമായി സഹകരിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം



ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ബംഗാളിലെ തങ്ങളുടെ മുഖ്യ രാഷ്ട്രീയ എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസ്സുമായും സഹകരിക്കണമെന്ന് സിപിഎമ്മില്‍ ആവശ്യം. കഴിഞ്ഞവര്‍ഷം നടന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനും ബിജെപിക്കുമെതിരേ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മല്‍സരിച്ചതിനെ ചൊല്ലി പാര്‍ട്ടിയിലുണ്ടായ വന്‍വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുമ്പാണ് ബദ്ധവൈരികള്‍ക്കൊപ്പം ചേര്‍ന്ന് ബിജെപിയെ നേരിടണമെന്ന ആവശ്യം സിപിഎമ്മില്‍ ഉയര്‍ന്നിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഗൗതം ദേവാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. ദ ഹിന്ദുവുമായുള്ള അഭിമുഖത്തില്‍, ബംഗാളില്‍ ബിജെപി നിലയുറപ്പിക്കുന്നത് തടയാന്‍ തൃണമൂലുമായും സഹകരിക്കാന്‍ തയ്യാറാണെന്നും ബംഗാളില്‍ ബിജെപി ശക്തിപ്പെട്ടാല്‍ സംസ്ഥാനത്തെ ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇല്ലാതാവുമെന്നും തങ്ങളുടെ പോരാട്ടത്തില്‍ മമതയും കൂടെയുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ബംഗാളില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിലവില്‍ രാജ്യത്തിനും പശ്ചിമബംഗാളിനും ഏറ്റവും അപകടകരം ബിജെപിയാണ് - ഗൗതം ദേവ് പറഞ്ഞു.  അതേസമയം, പശ്ചിമബംഗാളിലെ മിക്ക സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ക്കും ദേവിന്റെ അഭിപ്രായത്തോട് വിയോജിപ്പാണെന്നാണ് റിപോര്‍ട്ടുകള്‍. ഇക്കാര്യം മുതിര്‍ന്ന സംസ്ഥാന കമ്മിറ്റിയംഗം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഗൗതം ദേവിന്റെ പ്രസ്താവനയോടു പ്രതികരിക്കാന്‍ തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി വിസമ്മതിച്ചു.
Next Story

RELATED STORIES

Share it