പശുസംരക്ഷണം: ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്ന് അംഗീകരിക്കാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു. കുറ്റകൃത്യം എന്ന നിലയിലാണ് ആക്രമണങ്ങളെ കാണേണ്ടത്. ഇവ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഗോരക്ഷകരുടെ അക്രമത്തിന് ഇരകളാക്കപ്പെടുന്നവരെ മതവുമായി ബന്ധപ്പെടുത്തരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ആക്രമണങ്ങള്‍ സംഭവിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാതെ ഈ വിഷയത്തില്‍ വിധി പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പശുസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹരജികള്‍ വിധിപറയുന്നതിനായി മാറ്റി.
എന്നാല്‍, വ്യക്തമായ മാതൃക പിന്‍പറ്റുന്ന ആക്രമണങ്ങളാണ് പശുവിന്റെ പേരില്‍ നടക്കുന്നതെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ മതം, വംശം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ ലക്ഷ്യംവച്ചുള്ള സംഘടിത ആക്രമണങ്ങള്‍ തടയുന്നതിന് ഭരണഘടനയുടെ 15ാം വകുപ്പ് പ്രകാരം നിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നതായി ജയ്‌സിങ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉപദേശക സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചതായി കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ പറഞ്ഞു. എന്നാല്‍, അതു മാത്രം പര്യാപ്തമല്ലെന്ന് ജയ്‌സിങ് മറുപടി നല്‍കി. ഇന്ത്യ മുഴുവനുള്ള പ്രശ്‌നമാണിത്. അതു തടയാനുള്ള മാര്‍ഗങ്ങള്‍ ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും ജയ്‌സിങ് വ്യക്തമാക്കി. എന്നാല്‍ ജാതി, മതം, വംശം, ലിംഗം എന്നിവയുടെ പേരിലുള്ള വിവേചനം ഒഴിവാക്കുന്ന ഭരണഘടനയുടെ 15ാം വകുപ്പ് ഈ വിഷയത്തില്‍ ബാധകമാക്കാനാവില്ലെന്ന നിലപാട് കോടതി ആവര്‍ത്തിച്ചു.
പശുസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞവര്‍ഷം സുപ്രിംകോടതി 29 സംസ്ഥാനങ്ങള്‍ക്കും ഏഴു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഈ വിധി പാലിക്കുന്നതില്‍ ഏതാനും സംസ്ഥാനങ്ങള്‍ വീഴ്ചവരുത്തിയതായി വ്യക്തമാക്കി മഹാത്മാഗാന്ധിയുടെ കൊച്ചുമകനായ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി അടക്കമുള്ളവയാണ് ഇന്നലെ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ഈ വിഷയത്തില്‍ ഉത്തര്‍പ്രദേശിനോടും സമാനമായ ആക്രമണങ്ങള്‍ നടന്ന ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളോടും കോടതി വിശദീകരണം തേടി.
Next Story

RELATED STORIES

Share it