kozhikode local

പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനം

വടകര: നിര്‍മാണം നിലച്ച് വിര്‍ഷങ്ങള്‍ പിന്നിട്ട നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ നിന്ന് പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. തിങ്കഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് എടോടി കേളുവേട്ടന്‍ സ്മാരകത്തിന് സമീപം നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന് പുതിയ ടെണ്ടര്‍ വിളിച്ച് നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചത്.
7,21,77,468 രൂപ അടങ്കലുള്ള പ്രവൃത്തിയുടെ 1,34,12,309 രൂപ മൂല്യമുള്ള പ്രവൃത്തി മാത്രമാണ് ഇതേവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പ്രവൃത്തിക്കാവശ്യമായ തുക നഗരസഭ സര്‍ക്കാര്‍ ഏജന്‍സിയായ കെയുആര്‍ഡിഎഫ്‌സി ലോണ്‍ മുഖേനയാണ് കണ്ടെത്തിയിട്ടുള്ളത്. കരാറുകാരന്‍ ഇതേവരെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാലും നഗരസഭയുടെ ആവര്‍ത്തിച്ചുള്ള അറിയിപ്പുകളെ അവഗണിക്കുകയും എഗ്രിമെന്റ് കാലാവധികളെല്ലാം പൂര്‍ത്തിയാക്കുകയും നിരക്ക് പുതുക്കി നല്‍കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ തീരുമാനം ലഭിച്ച സാഹചര്യത്തിലുമാണ് നിലവിലെ കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനമെന്നും നഗരസഭ ചെയര്‍മാന്‍  വ്യക്തമാക്കി.
കഴിഞ്ഞ 2010 ആഗസ്ത് 12ന് നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു പിബി ഷരീഫ് എന്നയാളെ നിര്‍മ്മാണം നടത്തുന്നതിന് വേണ്ടി കരാര്‍ ഒപ്പ് വച്ചത്. തുടര്‍ന്ന നിശ്ചിത സമയ പരിധിക്കകം പ്രവൃത്തി പൂര്‍ത്തീകരിക്കാനും കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ചതോടെ 2012 നവംബര്‍, 2015 ജൂലായ് എന്നീ മാസങ്ങളില്‍ നടന്ന കൗണ്‍ യോഗങ്ങളില്‍ കരാറുകാരന്‍ നിര്‍മ്മാണ പ്രവൃത്തി നടത്താന്‍ സമയപരിധി നീട്ടിക്കിട്ടണമെന്ന അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 2016 നവംബര്‍ മാസം വരെ നഗരസഭ നീട്ടി നല്‍കി. എന്നാല്‍ ഈ സമയപരിധിയും കരാറുകാരന്‍ ലംഘിക്കുകയാണ് ചെയ്തത്.
2012 ലെ നിരക്കും ആയതിന്റെ 28 ശതമാനം അധികവും കാണിച്ച് മേല്‍ പ്രവൃത്തിക്ക് അനുവദിക്കണമെന്ന് കാണിച്ച് കരാറുകാരന്‍ സര്‍ക്കാറില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, എഗ്രിമെന്റ് നിരക്കില്‍ യാതൊരു വര്‍ദ്ധനവും അനുവദിക്കാന്‍ കഴിയില്ലെന്നും, കരാര്‍ നിരക്ക് പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതാണെന്നും കരാറുകാരന്‍ അതിന് തയ്യാറാകാത്ത പക്ഷം കരാറില്‍ നിന്നും ഇയാളെ ഒഴിവാക്കി നഷ്ടോത്തരവാദിത്വത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണെന്ന് കാണിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നഗരസഭയ്ക്ക് 2017 സെപ്തംബര്‍ 13ന് കത്ത് അയച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തി 15 ദിവസത്തിനകം പുനരാരംഭിക്കേണ്ടതാണെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഏറ്റവും ചുരുങ്ങിയ സമയം അറിയിക്കണമെന്നും കാണിച്ച് 2017 സെപ്തംബര്‍ 20ന് കരാറുകാരന് നഗരസഭ നോട്ടീസ് നല്‍കിയെങ്കിലും കരാറുകാരന്‍ ഒരു മറുപടിയും നഗരസഭയ്ക്ക് നല്‍കിയിട്ടില്ല. തുടര്‍ന്ന് മൂന്ന് ദിവസത്തിനകം പ്രവൃത്തി പുനരാരംഭിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ നാളിതുവരെയുള്ള പ്രവൃത്തി ചെയ്തതിന്റെ അളവ് രേഖപ്പെടുത്തുന്നതിന് നഗരസഭയില്‍ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസും നല്‍കി.
എന്നാല്‍ ആ നോട്ടീസിനും കരാറുകാരന്‍ പ്രതികരിച്ചില്ല. ഈ സാഹചര്യത്തില്‍ കരാറുകാരന്റെ അസാന്നിദ്ധ്യത്തില്‍ നഗരസഭ സ്വമേധയാ അളവുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം നഗരസഭ സമയാസമയങ്ങളില്‍ പാര്‍ട്ട് ബില്‍ നല്‍കാത്തത് കൊണ്ടും, സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം ആകാത്തതും തുടങ്ങിയ കാരണങ്ങളിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതെന്നും, കരാര്‍ നിരക്ക് പുതുക്കി ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ ഒന്നും കൂടി സമീപിക്കുമെന്നും കാണിച്ച് കരാറുകാരന്‍ ഷരീഫ് 2017 ഡിസംബര്‍ 2ന് നഗരസഭയ്ക്ക് അയച്ച കത്തിന് നഗരസഭ മറുപടി നല്‍കിയിട്ടുള്ളതുമാണ്.
മാത്രമല്ല നഗരസഭ നല്‍കിയ മറുപടിയിന്‍മേല്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ 2018 ഏപ്രില്‍ 17ന് നഗരസഭ സെക്രട്ടറി മുമ്പാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്നും അറിയിച്ചു. എന്നാല്‍ ഈ അറിയിപ്പും കരാറുകാരന്‍ ലംഘിക്കുകയാണുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it