Azhchavattam

പഴമയും പുതുമയും തേടി

ബ്രഹ്ത്തിന്റെ ഒരു തിയേറ്റര്‍ കവിത

വിവ: കെ വി ബേബി

ആശ്ചര്യപ്പെടാനൊരുങ്ങിക്കൊണ്ട്
നിങ്ങള്‍ നിങ്ങളുടെ ഭാഗങ്ങള്‍ സൂക്ഷ്മമായി വായിക്കുമ്പോള്‍
പഴമയും പുതുമയും തിരിച്ചറിയുക.
കാരണം നമ്മുടെ കാലവും നമ്മുടെ കുട്ടികളുടെ കാലവും
പഴമയും പുതുമയും തമ്മിലുള്ള സംഘട്ടനങ്ങളുടെ കാലമാണ്.
എടുക്കാന്‍ വയ്യാത്ത ഭാണ്ഡം പോലെയുള്ള അറിവില്‍ നിന്ന്
അധ്യാപകനെ മോചിപ്പിക്കുന്ന തൊഴിലാളിസ്ത്രീയുടെ കൗശലം പുതിയതാണ്,
അതു പുതിയതായിത്തന്നെ കാണിക്കണം.
യുദ്ധകാലത്ത് തങ്ങളെ വിദ്യയഭ്യസിപ്പിക്കുന്ന ലഘുലേഖകള്‍
കൈയിലെടുക്കാന്‍ മടി കാണിക്കുന്ന തൊഴിലാളികളുടെ ഭയം പഴയതാണ്,
അത് പഴയതായിത്തന്നെ കാണിക്കണം.
എന്നാല്‍, ആളുകള്‍ പറയുമ്പോലെ,
വൃദ്ധിക്ഷയങ്ങളില്‍ ഒരു രാത്രി പുതിയ ചന്ദ്രന്‍
പഴയ ചന്ദ്രനെ കൈയിലേന്തി നില്‍ക്കുന്നു.
പേടിത്തൊണ്ടന്മാരുടെ സന്ദേഹം പുതിയ യുഗത്തിന്റെ വിളംബരമാണ്.
'ഇപ്പോഴും' 'മുമ്പേതന്നെ' എന്നിവ
എല്ലായ്‌പോഴും തീരുമാനിച്ചുറപ്പിക്കുക.
വര്‍ഗങ്ങള്‍ തമ്മിലുള്ള സമരം
പഴമയും പുതുമയും തമ്മിലുള്ള സമരം
ഓരോ മനുഷ്യനിലും ഇരമ്പിനില്‍ക്കുന്നു.
അധ്യാപകന്റെ അധ്യാപന സന്നദ്ധത
അയാളുടെ സഹോദരന്‍ കാണാതെ പോവുന്നു,
പക്ഷേ അപരിചിതന്‍ അതു കാണുന്നു.
പഴയതും പുതിയതുമായ സവിശേഷതകള്‍ക്കായി
നിങ്ങളുടെ കഥാപാത്രങ്ങളുടെ വികാരങ്ങളും ചെയ്തികളും
സൂക്ഷ്മമായി പരിശോധിക്കുക.
വ്യാപാരിയായ അമ്മയുടെ പ്രതീക്ഷകള്‍
അവളുടെ കുഞ്ഞുങ്ങളെ കൊല്ലുന്നു.
പക്ഷേ യുദ്ധത്തെക്കുറിച്ചുള്ള ഊമപ്പെണ്‍കിടാവിന്റെ നിരാശ പുതിയതാണ്.
തന്റെ ജീവന്‍ രക്ഷിക്കുന്ന ചെണ്ട
അഭയം നല്‍കുന്ന മേല്‍ക്കൂരയിലേക്കു വലിച്ചുകയറ്റുമ്പോഴുള്ള
അവളുടെ നിസ്സഹായമായ ചലനങ്ങള്‍
നിങ്ങളില്‍ അഭിമാനം നിറയ്ക്കണം,
ഒന്നും പഠിക്കാത്ത വ്യാപാരിയുടെ ഉല്‍സാഹം സഹതാപവും.
ആശ്ചര്യപ്പെടാനൊരുങ്ങിക്കൊണ്ട്
നിങ്ങള്‍ നിങ്ങളുടെ ഭാഗങ്ങള്‍ സൂക്ഷ്മമായി വായിക്കുമ്പോള്‍
പുതുമയില്‍ ആഹ്ലാദിക്കുക
പഴമയില്‍ ലജ്ജിക്കുക.
Next Story

RELATED STORIES

Share it