പള്ളി ഇമാമിനും പിതാവിനും നേരെ സിപിഎം ആക്രമണം

വള്ളികുന്നം: സിപിഎം ആക്രമണത്തില്‍ പള്ളി ഇമാമിനും കുടുംബത്തിനും പരിക്ക്. താമരക്കുളം കണ്ണനാംകുഴി പുന്നത്തറയില്‍ ഹമീദ്(73), മകന്‍ കാഞ്ഞിരപ്പള്ളി ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ സലാം മൗലവി(38) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഹമീദിന്റെ രണ്ടാമത്തെ മകന്‍ അ ന്‍ഷാദ് താമരക്കുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കണ്ണനാംകൂഴിയിലാണ് താമസം. വീടിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതി ല്‍ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സമീപ കോളനിയിലേക്കുള്ള വഴിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇതുസംബന്ധിച്ച് നിരവധി ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ ഏകദേശ പരിഹാരമായിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച മുതല്‍ തര്‍ക്കസ്ഥലം ഒഴിവാക്കി അടിത്തറ കെട്ടാനുള്ള വാരം എടുപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ രാവിലെ ഒമ്പതുമണിയോടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും എത്തി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് ഇമാമിനെയും മകനെയും ആക്രമിച്ചത്.
മണ്‍വെട്ടി, കമ്പിപ്പാര, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് സിപിഎം നേതാക്കളായ ജെപി സദനത്തില്‍ ജനാര്‍ദനന്‍ പിള്ള, ചക്കാലക്കല്‍ തറയില്‍ സുകുമാരന്‍, കിഴക്കതെക്കതില്‍ ശിവരാമന്‍, കൊച്ചു മീനത്തതില്‍ സജി, ചക്കാലക്കല്‍ തറയില്‍ മനോജ്, കൊച്ചുമീനത്തതില്‍ വിജയന്‍, ഞാനാശ്ശേരില്‍ അബ്ദുല്‍ ലത്തീഫ്, ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരിക്കേറ്റ അബ്ദുല്‍ സലാം മൗലവി പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയും ഇവര്‍ അസഭ്യം പറഞ്ഞു. പരിക്കേറ്റ ഇരുവരെയും കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പോലിസ് പക്ഷപാതപരമായി പെരുമാറിയതായും ആരോപണം ഉണ്ട്.
വള്ളികുന്നം പോലിസില്‍ പരാതി നല്‍കിയെങ്കിലും രാത്രി വൈകിയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it