kasaragod local

പള്ളിപ്രം ബാലന്‍ : സൗഹൃദങ്ങളുടെ തോഴന്‍, വികസന ശില്‍പി



കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് നിയോജക മണ്ഡലത്തിലെ അവസാനത്തെ എംഎല്‍എ ആയിരുന്ന പള്ളിപ്രം ബാലന്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദ ബന്ധം പുലര്‍ത്തിയ നേതാവും മണ്ഡലത്തിന്റെ വികസനത്തിന്റെ ശില്‍പിയുമായിരുന്നു. അവഗണിക്കപ്പെട്ടിരുന്ന കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ച നേതാവായിരുന്നു. സംവരണ മണ്ഡലമായ ഹൊസ്ദുര്‍ഗില്‍ സിപിഎം-സിപിഐ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ മണ്ഡലത്തിന് പുറത്തുള്ള പള്ളിപ്രംബാലനെ സ്ഥാനാര്‍ഥിയാക്കിയതും ഇദ്ദേഹത്തിന്റെ സൗഹൃദകാഴ്ചപ്പാടും പൊതുസ്വീകാര്യനാണെന്ന നിലപാടും കണ്ടറിഞ്ഞാണ്. നടന്നുപോകാവുന്നിടത്ത് നടന്നുതന്നെ പോയി. കൂടുതല്‍ ആളുകളോട് കുശലംപറഞ്ഞ് ബന്ധം സ്ഥാപിക്കുന്ന പ്രകൃതമായിരുന്നു പള്ളിപ്രം ബാലന്റേത്. 2006 മുതല്‍ 2011 വരെയായിരുന്നു പള്ളിപ്രം ബാലന്‍ ഇപ്പോഴത്തെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പഴയ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ എംഎല്‍എയായിരുന്നത്. നേരത്തെ ഒരു തവണ മല്‍സരിച്ച് നിസാര വോട്ടിന് പരാജയപ്പെട്ടിരുന്നുവെങ്കിലും കാഞ്ഞങ്ങാട്ടെ ജനങ്ങളുമായുള്ള ഇദ്ദേഹത്തിന്റെ സൗഹൃദമാണ് വീണ്ടും മല്‍സരിക്കാന്‍ സിപിഐ ഇദ്ദേഹത്തെ തന്നെ നിര്‍ദ്ദേശിക്കാന്‍ കാരണം.  കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സബ് ഡിപ്പോ യാഥാര്‍ത്ഥ്യമാക്കിയതും ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്ന കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പരിധിയില്‍പെടുന്ന നെല്‍വയലുകള്‍ സംരക്ഷിക്കുന്ന നമ്പ്യാര്‍ക്കാല്‍ അണക്കെട്ട് നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയതും ഇദ്ദേഹത്തിന്റെ മുന്‍കൈയെടുത്തതും കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ആദ്യ വില്ലേജ് കാംപസായ പാലാത്തടം വില്ലേജ് കാംപസ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയതും പള്ളിപ്രം ബാലനായിരുന്നു. മടിക്കൈയില്‍ കണ്ണൂര്‍ സര്‍വകലാശാലയും ഐഎച്ച്ആര്‍ഡിയും ചേര്‍ന്ന് അപ്ലൈഡ് സയന്‍സ് കോളജ്, കാഞ്ഞങ്ങാട് സെന്‍ട്രല്‍സ്‌കൂള്‍, മടിക്കൈ എരിക്കുളത്ത് ഐടിഐ, ജിഎച്ച്്എസ് മടിക്കൈ, ജിഎച്ച്എസ്് കാഞ്ഞങ്ങാട് സൗത്ത്, ജിഎച്ച്എസ് മാലോത്ത കസബ, ജിഎച്ച്എസ് തായന്നൂര്‍, ജിഎച്ച്എസ് കൊട്ടോടി തുടങ്ങിയ ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയത് തുടങ്ങിയവ ഇദ്ദേഹത്തിന്റെ വികസന നേട്ടങ്ങളില്‍ എടുത്ത് പറയാവുന്നതാണ്. ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലം മാറി കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം വന്നപ്പോഴും ആദ്യം പരിഗണിക്കപ്പെട്ട പേര് പള്ളിപ്രംബാലന്റേതായിരുന്നു. എന്നാല്‍ വീണ്ടും മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് സ്വയം ഒഴിഞ്ഞുമാറുകയായിരുന്നു.എന്നാല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി കാഞ്ഞങ്ങാടും കണ്ണൂരും എന്നുമുണ്ടാകുമെന്ന് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയാണ് ഇദ്ദേഹം മാറിയത്.
Next Story

RELATED STORIES

Share it