Pathanamthitta local

പള്ളിക്കല്‍ ആറിന്റെ മൂന്ന് സെന്റോളം കൈയേറി സംരക്ഷണഭിത്തി നിര്‍മിച്ചു



അടൂര്‍: കാടു മൂടിക്കിടന്ന പള്ളിക്കല്‍ ആറിന്റെ മിക്കഭാഗങ്ങളും കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി വിവരാവകാശ രേഖ. ആറിന്റെ ഏറ്റവും കൂടുതല്‍  ഭാഗം സംരക്ഷണഭിത്തികെട്ടി കൈയേറിയത് ഗ്രെയ്‌സ് ടയേഴ്‌സ് ഉടമയാണെന്നാണ്് വിവരാവകാശ രേഖപ്രകാരം ശേഖരിച്ച വിവരങ്ങളില്‍ പറയുന്നത്്.  കൈയേറിയ ഭാഗമാണ് കഴിഞ്ഞദിവസം ഹിറ്റാച്ചി ഉപയോഗിച്ച് വൃത്തിയാക്കിയത്. കൈയേറി സംരക്ഷണഭിത്തി കെട്ടിയ ഭാഗം തൊട്ടതുമില്ല. നെല്ലിമൂട്ടില്‍പടി ബൈപാസ് തുടങ്ങുന്നതിന് സമീപം അടൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 9ല്‍ സര്‍വേ 510/3ല്‍ പ്പെട്ട 37.90 ആര്‍ട്‌സ് പുരയിടമുള്ള കണ്ണങ്കോട് മുറിയില്‍ ആനന്തഭവനത്തില്‍ അലക്‌സാണ്ടറുടെ കൈവശത്തിലുള്ള ഭൂമിയോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയാണ് സംരക്ഷണഭിത്തി നിര്‍മിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടൂര്‍ വില്ലേജ് ഓഫിസര്‍ 2015 ഡിസംബര്‍ രണ്ടിന് ആര്‍ഡിഒയ്ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം കൈയേറിയ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തെരുതെന്ന് കാണിച്ച് നഗരസഭ ടയര്‍കട ഉടമയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇത് വകവയ്ക്കാതെയാണ് സംരക്ഷണഭിത്തികെട്ടി ഭൂമി കൈയേറിയത്. താലൂക്ക് സര്‍വേയര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ അടൂര്‍ വലിയതോടിനോട് ചേര്‍ന്നുള്ള ഏകദേശം മൂന്ന് സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയിരുന്നു. 2015 ഡിസംബറില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും 2016 ജൂലൈയിലാണ് സര്‍വേയര്‍ ആര്‍ഡിഒയ്ക്കും ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും റിപോര്‍ട്ട് നല്‍കിയത്. ഒരു ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ താലൂക്ക് സര്‍വേയര്‍ എടുത്ത സമയം ഏകദേശം ആറുമാസമാണ്്്. ഭൂമി അളന്ന സമയത്ത് മൂന്ന് സെന്റോളം പുറംപോക്ക് ഭൂമി കണ്ടെത്തിയതാണ്്. എന്നാല്‍ സര്‍വേയര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മൂന്നു സെന്റ് എന്നുള്ളത് 24 ചതുരശ്രമീറ്റര്‍ എന്നായി. സര്‍ക്കാര്‍ ഭൂമികൈയേറ്റത്തെ സംബന്ധിച്ച് ചിലര്‍ വിവരാവകാശം നല്‍കി. അവരേയും സ്വാധീനിക്കാന്‍ ടയര്‍കട ഉടമ ശ്രമം നടത്തിയതായി പറയുന്നു. അടൂര്‍ വലിയതോടിന്റെ ഇരു വശങ്ങളിലെയും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല മൈനര്‍ ഇറിഗേഷന്‍വകുപ്പിനാണ്.          എന്നാല്‍ ഈ സംഭവത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്ന നിലപാടാണ്് സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it