Pathanamthitta local

പള്ളിക്കലാറിനെ പുനരുജ്ജീവിപ്പിക്കല്‍ : കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കും



പഴകുളം: പള്ളിക്കലാറിനെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി, പള്ളിക്കലാറിന്റെ കൈവഴികളിലേക്ക് മാലിന്യം ഒഴുക്കുന്ന എല്ലാവര്‍ക്കും 19നകം നോട്ടീസ് നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആറിലെ നീരൊഴുക്ക് തടയുന്ന രീതിയില്‍ മാലിന്യം കുന്നുകൂടിയിട്ടുണ്ടെന്നുള്ള പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത് വ്യക്തമായത്.  പള്ളിക്കല്‍ ആറ് ശുഷ്‌കമായിക്കൊണ്ടിരിക്കുകയാണെന്നും അമിതമായി മാലിന്യങ്ങള്‍ നിറഞ്ഞതുമൂലം കോളിഫോം ബാക്ടീരിയയുടെ അളവ് കൂടി ഉപയോഗ ശൂന്യമായ ജലമാണ് ഇപ്പോള്‍ പള്ളിക്കല്‍ ആറിലേതെന്നതും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പള്ളിക്കലാറിലെ കൈയേറ്റം സര്‍വേ നടത്തി ഘട്ടങ്ങളായി ഒഴിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ആറിന്റെ ശുചീകരണം 20ന് ആരംഭിക്കും. പള്ളിക്കലാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് തെങ്ങമത്ത് ഈ മാസം ആദ്യം ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണം. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, സര്‍വെയര്‍, എല്‍എസ്.ജി.ഡി എന്‍ജിനിയര്‍, വിഇഒ, വാര്‍ഡ് അംഗം എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത നിരീക്ഷണം നടത്തും. കുടുംബശ്രീ, എന്‍ആര്‍ഇജി എസ്, ക്ലബുകള്‍, രാഷ്ട്രീയ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍, മതസംഘടനകള്‍ എന്നിവരെ സഹകരിപ്പിച്ച് മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ നടത്തും. ഇതിനായി സ്ഥലം വിഭജിച്ച് നല്‍കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും നഗരസഭാ അധ്യക്ഷരുടേയും നേതൃത്വത്തില്‍ 16നകം യോഗം ചേരും. ഇതു സംബന്ധിച്ച റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കും. ശുചീകരണത്തിനു ശേഷം 23ന് തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ആറിന്റെ തീരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മഴക്കുഴി, തടയണ നിര്‍മാണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹായം ലഭിക്കും. പള്ളിക്കലാറിന്റെ കൈവഴികളിലേക്ക് മാലിന്യം ഒഴുക്കുന്ന എല്ലാവര്‍ക്കും 19നകം നോട്ടീസ് നല്‍കും. ഒരു കാലത്ത് പലസ്ഥലങ്ങളിലും 20 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന ആറിന് ഇപ്പോള്‍ പലയിടത്തും ഏതാനും മീറ്റര്‍ വീതി മാത്രമാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം, കൊടുമണ്‍, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് പഞ്ചായത്തുകളിലൂടെയും അടൂര്‍ മുനിസിപ്പാലിറ്റിയിലൂടെയും കടന്നുപോകുന്ന പള്ളിക്കല്‍ ആറിന്റെ പതന സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വട്ടക്കായല്‍ പ്രദേശമാണ്. ആറിന്റെ പുനരുജ്ജീവനം ഒരുജനതയുടെ ചിരകാല അഭിലാഷത്തിന്റെ പൂര്‍ത്തീകരണമാണ്.  ജലദൗര്‍ലഭ്യവും കുടിവെള്ള ക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് പള്ളിക്കല്‍ ആറിന്റെ തീരവാസികള്‍ പദ്ധതിയെ നോക്കികാണുന്നത്.
Next Story

RELATED STORIES

Share it