പള്ളികള്‍ മുസ്‌ലിം ആരാധനയുടെ അവിഭാജ്യഘടകമാക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കു നമസ്‌കാരം നിര്‍വഹിക്കുന്നതിന് പള്ളികള്‍ അവിഭാജ്യഘടകമാണെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. അബൂ സുഹൈല്‍ എന്നയാള്‍ നല്‍കിയ റിട്ട് ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. സമാനമായ ആവശ്യം ഈയിടെ ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്നതിനിടെ തള്ളിയതാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യം വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം കോടതി നിരസിച്ചതാണ്.
മുസ്‌ലിംകള്‍ക്കു നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്ന പരാമര്‍ശമുള്ള 1994ലെ ഇസ്മാഈല്‍ ഫാറൂഖി വിധി സുപ്രിംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കേണ്ടതില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സപ്തംബര്‍ 27ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ഈ ആവശ്യം കോടതി തള്ളിയത്.
മുസ്‌ലിംകള്‍ക്ക് എവിടെവച്ചും നമസ്‌കരിക്കാമെന്നും നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്നുമായിരുന്നു 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസ് വിധിന്യായത്തിലെ പരാമര്‍ശം. 1993ല്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലവും പരിസരവും അടക്കമുള്ള 67.703 ഏക്കര്‍ സ്ഥലം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതിനെ ചോദ്യം ചെയ്താണ് ഇസ്മാഈല്‍ ഫാറൂഖി ഹരജി നല്‍കിയിരുന്നത്.

Next Story

RELATED STORIES

Share it