പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലാതെ ബിഷപ്്‌

കൊച്ചി: രണ്ടുദിവസമായി നടത്തിയ 15 മണിക്കൂര്‍ ചോദ്യംചെയ്യലില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ലെന്നു വിവരം. ആദ്യദിവസം ഏഴു മണിക്കൂറും ഇന്നലെ എട്ടു മണിക്കൂറും നീണ്ടുനിന്ന ചോദ്യംചെയ്യലിനാണ് ബിഷപ്പിനെ അന്വേഷണസംഘം വിധേയനാക്കിയത്. രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് ബിഷപ് സ്വീകരിച്ചതെന്നാണു സൂചന. സംഭവം നടന്നതായി കന്യാസ്ത്രീ ആരോപിച്ച ദിവസം താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലെന്നും തൊടുപുഴയിലായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നലെയും അന്വേഷണസംഘത്തിനു മുമ്പാകെ ആവര്‍ത്തിച്ചു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിനു മുന്നില്‍ വച്ചു. പക്ഷേ, അതു ശരിയായ വിവരങ്ങളല്ലെന്നു പറഞ്ഞ് ബിഷപ് തന്റെ നിലപാടി ല്‍ തന്നെ ഉറച്ചുനിന്നതായാണു വിവരം. പല ചോദ്യങ്ങള്‍ക്കു മുമ്പിലും കൃത്യമായ മറുപടി പറയാനും ബിഷപ്പിനു കഴിഞ്ഞില്ലെന്നു വിവരമുണ്ട്.
ആദ്യദിവസത്തെ ചോദ്യങ്ങളും മറുപടിയും വിശകലനം ചെയ്യുന്നതിനായി റേഞ്ച് ഐജി വിജയ് സാഖറെ, കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിലുള്ള വൈരുധ്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇന്നലെ അന്വേഷണസംഘം ശ്രമിച്ചത്. തെളിവുകള്‍ നിരത്തി ക്രോസ്‌വിസ്താര രീതിയിലുള്ള ചോദ്യംചെയ്യലാണ് നടന്നത്. എന്നാല്‍, ഇതിനെയെല്ലാം പാടെ നിഷേധിക്കുന്ന നിലപാടാണ് ബിഷപ് ചോദ്യംചെയ്യലില്‍ സ്വീകരിച്ചതെന്നാണു വിവരം.
ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കു നടുവിലായിരുന്നു ബിഷപ്പിന്റെ രണ്ടാംദിവസത്തെ ചോദ്യംചെയ്യല്‍ നടന്നത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഹൈടെക് സെല്‍ ഓഫിസില്‍ ഫ്രാങ്കോയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുമ്പോള്‍ പുറത്ത് നിരവധിപേരാണ് ബിഷപ്പിന്റെ അറസ്റ്റ് പ്രതീക്ഷിച്ച് തടിച്ചുകൂടിയത്. ബിഷപ്പിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമാവാന്‍ ഇടയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വന്‍ പോലിസ് സന്നാഹം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ഇന്നലെ അതിരാവിലെ തന്നെ മേഖല പോലിസ് നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. പ്രധാന വഴിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഓഫിസിലേക്കുള്ള വഴിയില്‍ ഗതാഗതം നിയന്ത്രിച്ചു. ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ആളുകളെ തടഞ്ഞു. മാധ്യമങ്ങള്‍ക്കു മാത്രമാണ് മേഖലയിലേക്ക് പ്രവേശനം നല്‍കിയത്. ഇന്നലെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നതിനിടെ എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തി. മാര്‍ച്ച് ക്രൈംബ്രാഞ്ച് ഓഫിസിലേക്കു കടക്കുന്ന വഴിയില്‍ പോലിസ് തടഞ്ഞു. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ ബിഷപ് ഫ്രാങ്കോയുടെ കോലം കത്തിച്ചു. ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് ബിഷപ് ഉച്ചഭക്ഷണം കഴിച്ചത്. വീണ്ടും ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകീട്ട് ആറോടെയാണു പൂര്‍ത്തിയായത്. ചോദ്യംചെയ്യലിനുശേഷം വൈകീട്ടോടെ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാവുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് നിരവധിപേര്‍ തൃപ്പൂണിത്തുറ -വൈക്കം റോഡില്‍ കാഴ്ചക്കാരായി എത്തിയിരുന്നു.



Next Story

RELATED STORIES

Share it