World

പലായനം തുടരുന്നു; വീണ്ടും വ്യോമാക്രമണം

ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൂത്തയില്‍ വീണ്ടും വ്യോമാക്രമണം. സിറിയന്‍-റഷ്യന്‍ സൈനികസഖ്യത്തിന്റെ വ്യോമാക്രമണത്തില്‍ ഇന്നലെ 30ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷമേഖലയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ആക്രമണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ ഗൂത്തയില്‍ നിന്ന് ആയിരക്കണക്കിനു സാധാരണക്കാര്‍ പലായനം ചെയ്തിരുന്നു.
ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടെ ഇന്നലെ മാത്രം 10,000ലധികം സാധാരണക്കാര്‍ ഗൂത്ത വിട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം ഉദ്യോഗസ്ഥര്‍ പറയുന്നു. 12,000നും 13,000നും ഇടയിലാണ് വെള്ളിയാഴ്ച പലായനം ചെയ്തവരുടെ എണ്ണം. വെള്ളിയാഴ്ച ഗൂത്തയിലുണ്ടായ വ്യോമാക്രമണത്തില്‍ ആറു കുട്ടികളടക്കം 46 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഗൂത്തയില്‍ നിന്നു പലായനം തുടര്‍ന്നുകൊണ്ടിരിക്കുന്നതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍) അറിയിച്ചു. ഗൂത്തയിലെ ഹമൂറിയ്യ മേഖലയില്‍ നിന്നുള്ളവരാണ് പലായനം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും. എത്രപേര്‍ ഗൂത്ത വിട്ടുവെന്നതിന്റെ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെന്നും യുഎന്‍എച്ച്‌സിആര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മാസം 18ന് റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന വ്യോമാക്രമണം ആരംഭിച്ചതോടെയാണ് കിഴക്കന്‍ ഗൂത്തയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. ആഴ്ചകളായി തുടരുന്ന ആക്രമണങ്ങളില്‍ 1250ലധികം പേരാണ് ഗൂത്തയില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it