malappuram local

പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണം പിടിച്ചെടുത്തെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം; ഭദ്രമെന്ന് ജനകീയമുന്നണി



വേങ്ങര: മുസ്ലിംലീഗിനെ ഗാലറിയിലിരുത്തി പറപ്പൂരില്‍ ഭരണം പിടിച്ചെടുത്ത ജനകീയമുന്നണിയില്‍ നിന്ന് ഭരണം യുഡിഎഫ് പിടിച്ചെടുത്തുവെന്നത് കെട്ടുകഥയാണെന്ന് ജനകീയ മുന്നണി. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ ഉടലെടുത്ത പ്രാദേശിക തര്‍ക്കം മൂലമാണ് കോണ്‍ഗ്രസ്, സിപിഎം, എസ്ഡിപിഐ, വെല്‍ഫയര്‍പാര്‍ട്ടി, സിഎംപി, പിഡിപി കക്ഷികള്‍ ജനകീയ മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പില്‍ ആകെയുള്ള 17ല്‍ 12 സീറ്റ് നേടി ജനകീയമുന്നണി അധികാരത്തിലെത്തുകയും ചെയ്തു. കോണ്‍ഗ്രസ് അഞ്ച്, സിപിഎം മൂന്ന്, എസ്ഡിപിഐ രണ്ട് സീറ്റുകളും വെല്‍ഫയര്‍പാര്‍ട്ടി, സിഎംപി കക്ഷികള്‍ ഓരോ സീറ്റിലുമാണ് വിജയിച്ചത്. മുന്നണി ധാരണപ്രകാരം കോണ്‍ഗ്രസും സിപിഎമ്മും പ്രസിഡന്റ് സ്ഥാനം പങ്കിടാനും തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് ഭരണത്തിനു പുറത്തായ മുസ്ലിംലീഗ് ജനകീയമുന്നണി ഭരണം മറിച്ചിടാന്‍ ശ്രമം തുടങ്ങിയത്. അഞ്ചുവര്‍ഷം ഭരണമില്ലാതിരിക്കുന്ന അവസ്ഥക്കു തടയിടാന്‍ ജില്ലാ ലീഗ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഭരണം മറിച്ചിടാന്‍ ശ്രമം നടത്തിയിരുന്നത്. ഇതെ തുടര്‍ന്ന് മുസ്ലിംലീഗിലെയും കോണ്‍ഗ്രസിലെയും സംസ്ഥാന-ജില്ലാ നേതാക്കള്‍ നിരവധി തവണ ചര്‍ച്ചകളും ഉപചര്‍ച്ചകളും നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ വി വി പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവരുമായി ലീഗ് നേതാക്കളായ കെ പി എ മജീദ്, അഡ്വ. കെ എന്‍ എ കാദര്‍ എന്നിവര്‍ ചര്‍ച്ച നടത്തി പറപ്പൂരില്‍ യുഡിഎഫ് സംവിധാനം പുനസ്ഥാപിച്ചെന്ന് വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ പറപ്പൂരില്‍ ഇത്തരത്തില്‍ യാതൊരു ഭരണമാറ്റവും സംഭവിക്കില്ലെന്ന നിലപാടിലാണ് ജനകീയമുന്നണി നേതൃത്വം. ഭരണം മറിച്ചിടാന്‍ മുസ്ലിംലീഗിലെയും കോണ്‍ഗ്രസിലെയും ചില തല്‍പരകക്ഷികള്‍ ചേര്‍ന്നു നടത്തുന്ന ശ്രമങ്ങള്‍ പറപ്പൂരില്‍ വിലപ്പോവില്ലെന്നു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ജനകീയമുന്നണി നേതാവുമായ പി മുഹമ്മദ്കുട്ടി തേജസിനോടു പറഞ്ഞു.
Next Story

RELATED STORIES

Share it